ഗവര്‍ണറുടേത് ചെറുത്തുതോല്‍പ്പിക്കേണ്ട ഫാസിസ്റ്റ് നടപടി; കേരളജനതയോടുള്ള വെല്ലുവിളി

നിയമസഭ വിളിച്ചുകൂട്ടണമെന്ന മന്ത്രിസഭയുടെ അപേക്ഷ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് നിയമപരമായും ഭരണഘടനാപരമായും അവകാശമില്ല. നിയമസഭ വിളിച്ചുകൂട്ടണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ന്യായാന്യായങ്ങളോ സഭ എന്തിന് വിളിച്ചുകൂട്ടിയെന്ന് ചോദിക്കലോ, സഭ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതില്‍ ഇടപെടലോ ഗവര്‍ണറുടെ ജോലിയല്ല. ഗവര്‍ണറെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങളില്‍ മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കുക എന്നതിനപ്പുറം യാതൊന്നും ചെയ്യാനില്ല. നിയമസഭ വിളിച്ചുകൂട്ടണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടപ്പോള്‍ അത് നിരാകരിച്ച ഗവര്‍ണറുടെ നടപടി നൂറുശതമാനവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.

ഇപ്പോള്‍ മന്ത്രിസഭ വീണ്ടുമൊരു തീരുമാനമെടുത്തിരിക്കുകയാണ്. മന്ത്രി സഭയ്ക്കതിനുള്ള അധികാരവും അവകാശമുണ്ട്. നിയമപരവും ജനാധിപത്യപരവുമായ സാധുതയുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് ഈ കാര്യത്തിലുള്ള അധികാരം നിയമിക്കപ്പെട്ട ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനി മാത്രമാണ്. ഈ വിഷയത്തില്‍ മന്ത്രിസഭയുടെ അപേക്ഷ നിരാകരിക്കാനുള്ള യാതൊരു അധികാരവും അദ്ദേഹത്തിനില്ല. ഇക്കാര്യം സുപ്രിംകോടതി നിരന്തരം ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. 1974 ലെ ഷംഷീര്‍ സിംഗ് കേസ് മുതല്‍ 2016 ലെ ജസ്റ്റിസ് ജഹാറിന്റെ വിധിപ്രസ്താവം വരെ ഇക്കാര്യത്തിലെ നിയമവശം വ്യക്തമാക്കിയിട്ടുള്ളതാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനുള്ള അധികാരത്തെ ഇല്ലായ്മ ചെയ്യാനുള്ള, അതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാട് ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ സ്വീകരിച്ചു എന്നുള്ളത് തന്നെ കേരളജനതയോടും ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള വെല്ലുവിളിയാണ്.

സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം അവരുടെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത് അതുമായി മുന്നോട്ടുപോകാനുള്ള അധികാരവും അവകാശവും സര്‍ക്കാരിനുണ്ട്. അത് തടയാനുള്ള അവകാശമില്ലാത്ത ഗവര്‍ണര്‍ ഇനിയും തന്റെ തെറ്റായ നടപടിയില്‍ തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഭരണഘടനാവിധേയമായ നടപടികളിലൂടെ ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ശ്രമിക്കേണ്ടി വരും.

ഭരണഘടന ഒരിക്കലും മുന്‍കൂട്ടികാണാത്ത തരത്തിലുള്ള അസാധാരണ സാഹചര്യമാണ് കേരളത്തിലെ ഗവര്‍ണര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇങ്ങനെയുള്ളവര്‍ ഗവര്‍ണര്‍മാരാകും എന്ന ചിന്തയിലായിരിക്കില്ല ഭരണഘടനയിലെ 163-ാം അനുഛേദം എഴുതിവെച്ചിട്ടുണ്ടാകുക. ഭരണഘടനയുടെയും കൂടി കാവല്‍ക്കാരനായ ഗവര്‍ണര്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. എന്നിട്ടും അദ്ദേഹം ഭരണഘടനാവിരുദ്ധമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ നിയമസഭയും സര്‍ക്കാരും നിര്‍ബന്ധിക്കപ്പെടും. അല്ലെങ്കില്‍ കോടതിയുടെ ഇടപെടലുകള്‍ ക്ഷണിച്ചുവരുത്തപ്പെട്ടേക്കാം.

ഗവര്‍ണര്‍ ഈ തെറ്റായ നടപടിയില്‍ തുടരുന്ന പക്ഷം കോടതിയെ സമീപിച്ച് ഇതിന് പരിഹാരം ഉണ്ടാക്കിയോ, അല്ലങ്കില്‍ തങ്ങളുടെതായ രീതിയില്‍ നിയമസഭ വിളിച്ചുകൂട്ടിയോ സര്‍ക്കാരിന് മുന്നോട്ടുപോകേണ്ടി വരും. പക്ഷേ അതൊക്കെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇതിനൊക്കെ കാരണമാകുന്നത് ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധമായ, ഏകാധിപത്യപരമായ നിലപാടുതന്നെയാണ്. 140 എംഎല്‍എമാരും മൂന്നരക്കോടി വോട്ടര്‍മാരും ചേര്‍ന്ന് തെരഞ്ഞെടുത്ത സര്‍ക്കാരിന് ഒരു നിയമസഭ കൂടാനുള്ള അവകാശം പോലും ഈ ഒരു വ്യക്തിയുടെ ഇംഗിതത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നു പറഞ്ഞാല്‍ പിന്നെ അത് ജനാധിപത്യമല്ല. പിന്നെ അവിടെ ജനാധിപത്യത്തിനോ ഫെഡറലിസത്തിനോ തെരഞ്ഞെടുപ്പിനോ ഒന്നും തന്നെ പ്രാധാന്യമില്ലാതാകുകയാണ്. ചെറുത്തു തോല്‍പ്പിക്കേണ്ട ഫാസിസ്റ്റ് രീതിയാണ് കേരളത്തിലെ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്.

Latest News