Top

മത്സ്യം തട്ടിത്തെറിപ്പിച്ചതിനെ ന്യായീകരിച്ച് പൊലീസ്; എഴുതിവിടുന്നവന്റെ കെെ പുഴുത്തുപോകുമെന്ന് ഹരീഷ് വാസുദേവന്‍

പാരിപ്പള്ളിയില്‍ റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലെ വീഡിയോ ആസൂത്രിതമാണെന്ന പൊലീസിന്റെ ന്യായീകരണത്തില്‍ കടുത്ത വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. അതിദാരിദ്രത്തില്‍ കഴിയുന്ന ഒരു വൃദ്ധ ആയിരത്തോളം രൂപയുടെ മീന്‍ വാങ്ങി നിലത്തുതട്ടി, കരഞ്ഞ് അഭിനയിച്ചെന്ന് എഴുതി വിടുന്നവരുടെ ‘കെെ പുഴുത്തുപോകുമെന്നായിരുന്നു’ ഹരീഷ് വാസുദേവന്റെ വിമർശനം. ഇത്തരമൊരു ന്യായീകരണത്തിന് മുന്‍പ് എന്ത് അന്വേഷണമാണ് നടത്തിയതെന്ന് അറിയാന്‍ ആർടിഐ അപേക്ഷ നല്‍കുമെന്നും അന്വേഷണം നടന്നില്ലെന്ന് കണ്ടെത്തിയാല്‍ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജിന്റെ അക്കൗണ്ടബിലിറ്റി നിയമപരമായി […]

31 July 2021 3:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മത്സ്യം തട്ടിത്തെറിപ്പിച്ചതിനെ ന്യായീകരിച്ച് പൊലീസ്; എഴുതിവിടുന്നവന്റെ കെെ പുഴുത്തുപോകുമെന്ന് ഹരീഷ് വാസുദേവന്‍
X

പാരിപ്പള്ളിയില്‍ റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലെ വീഡിയോ ആസൂത്രിതമാണെന്ന പൊലീസിന്റെ ന്യായീകരണത്തില്‍ കടുത്ത വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. അതിദാരിദ്രത്തില്‍ കഴിയുന്ന ഒരു വൃദ്ധ ആയിരത്തോളം രൂപയുടെ മീന്‍ വാങ്ങി നിലത്തുതട്ടി, കരഞ്ഞ് അഭിനയിച്ചെന്ന് എഴുതി വിടുന്നവരുടെ ‘കെെ പുഴുത്തുപോകുമെന്നായിരുന്നു’ ഹരീഷ് വാസുദേവന്റെ വിമർശനം.

ഇത്തരമൊരു ന്യായീകരണത്തിന് മുന്‍പ് എന്ത് അന്വേഷണമാണ് നടത്തിയതെന്ന് അറിയാന്‍ ആർടിഐ അപേക്ഷ നല്‍കുമെന്നും അന്വേഷണം നടന്നില്ലെന്ന് കണ്ടെത്തിയാല്‍ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജിന്റെ അക്കൗണ്ടബിലിറ്റി നിയമപരമായി ചോദ്യം ചെയ്യുമെന്നും ഹരീഷ് വാസുദേവന്‍ അറിയിച്ചു.

ഡി കാറ്റഗറി മേഖലയായ പ്രദേശത്ത് കച്ചവടങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെന്നും അത് ലംഘിച്ച് ചിലർ കച്ചവടം നടത്തിയത് തടയാനാണ് പൊലീസ് ശ്രമിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. നടപടി സ്വീകരിച്ച പൊലീസിനെതിരെ ഉപയോഗിക്കാന്‍ ആസൂത്രിതമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് ആരോപണം.

May be an image of ‎text that says

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

പിന്നെയും പട്ടിക്ക് മുറുമുറുപ്പ്

കേരളാ പൊലീസിലെ ഏതോ ക്രിമിനല്‍, മേരിയെന്ന പാവം സ്ത്രീയുടെ ആകെയുള്ള ജീവനോപാധി നശിപ്പിച്ച വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ പോലീസിന്റെ പേജിലും നാട്ടുകാര്‍ പ്രതികരിച്ചു. (ലോക്ഡൗണായത് നന്നായി, ഇല്ലെങ്കില്‍ നാട്ടുകാരുടെ കൈത്തരിപ്പ് പോലീസിലെ ആ ക്രിമിനല്‍ നേരിട്ടറിഞ്ഞേനെ.) ഇതുവരെ ഇത് യൂണിഫോമിന്റെ ബലത്തില്‍ ഒരാള്‍ ചെയ്ത കുറ്റമേ ആകുന്നുള്ളൂ. എന്നെയടക്കം പേജില്‍ ബ്ലോക്കി.

ഇപ്പോള്‍ ഒഫീഷ്യല്‍ പേജില്‍ ന്യായീകരണം വന്നിട്ടുണ്ട്. അതായത് ക്രൈം ഒരാളില്‍ നിന്ന് പോലീസ് സേന ഔദ്യോഗികമായി ഏറ്റെടുത്തു. ഇപ്പോള്‍ മുതല്‍ ഇത് കേരളാ പോലീസും ജനങ്ങളും തമ്മിലുള്ള പ്രശ്‌നമാണ്.

സംഗതി വസ്തുതാവിരുദ്ധമാണ് എന്നാണ് ന്യായീകരണം. പോലീസ് നിയമനടപടി സ്വീകരിച്ചപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണത്രേ ചിത്രീകരിക്കാനായി മേരിചേച്ചീ ആയിരക്കണക്കിന് രൂപയുടെ മീന്‍ വാങ്ങി നിലത്ത് കൊണ്ടു തട്ടിയോ?? എന്നിട്ട് കരഞ്ഞുകൊണ്ട് അഭിനയിച്ചോ?

ആ കരച്ചില്‍ കണ്ടു കണ്ണ് നിറഞ്ഞവരില്‍ എന്നെപ്പോലെ ആയിരക്കണക്കിന് മനുഷ്യരുണ്ട്.
ഇത്രയും നന്നായി അഭിനയിക്കുമെങ്കില്‍ മേരിചേച്ചിക്ക് മീന്‍ വില്‍ക്കാന്‍ പോകേണ്ടല്ലോ, അഭിനയിക്കാന്‍ പോയാല്‍ പോരേ?

മേരിചേച്ചിയുടെ വീടിന്റെ വീഡിയോ ഈ പോസ്റ്റിലുണ്ട്. നിങ്ങള്‍ ഒന്ന് കാണുക.

ഹരീഷ് വാസുദേവന്‍ പങ്കുവെച്ച മേരി ചേച്ചിയുടെ വീട്

അതിദാരിദ്രം അകറ്റാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്ന പിണറായി സര്‍ക്കാരിന് ആദ്യ പേരായി ചേര്‍ക്കാന്‍ കഴിയുന്ന കുടുംബമാണ് ചോരുന്ന ഓലപ്പുരയില്‍ കഴിയുന്ന ഇവര്‍. നഷ്ടപ്പെട്ട ആ മത്സ്യത്തിന്റെ വില അടച്ചു തീര്‍ക്കാന്‍ ഇവര്‍ ഇനി എത്ര ദിവസം ജോലി ചെയ്താലാണ് !

ഇവരേപോലെ ഒരു പാവം സ്ത്രീ കേരളാ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കി എന്നൊക്കെ സൈബര്‍ തലസ്ഥാനത്തിരുന്നു എഴുതി വിടുന്നവന്റെ കൈ പുഴുത്തു പോകുമെടാ സാമദ്രോഹികളേ…. അവരുടെ കണ്ണുനീര്‍ സത്യമാണ്. നിന്റെയൊക്കെ ഏത് അധികാര കോട്ടകളെയും തകര്‍ക്കാന്‍ മാത്രം പ്രഹരശേഷിയുണ്ട് ആ കണ്ണുനീരിന്…

അതിരിക്കട്ടെ, ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ആരാണീ വിഷയത്തില്‍ അന്വേഷണം നടത്തി പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയത്???

അവര്‍ മേരി ചേച്ചിയുടെ മൊഴിയെടുക്കാതെ എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത്? ഇതൊന്ന് അറിയണം. അതിനുള്ള ആര്‍ടിഐ അപേക്ഷ നല്‍കുന്നുണ്ട്. ഒരു അന്വേഷണവും ഇല്ലാതെ തലസ്ഥാനത്ത് ഫേസ്ബുക്കില്‍ ഇരിക്കുന്നവന് ഉണ്ടായ വെളിപാട് ആണെങ്കില്‍ പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിനു അക്കൗണ്ടബിലിറ്റി ഉണ്ടാക്കാന്‍ ഇന്നാട്ടിലെ നിയമവ്യവസ്ഥയില്‍ വഴിയുണ്ടോ എന്നൊന്ന് നോക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെയാണ് കേരളാ പോലീസിന്റെ കാര്യം..

(മേരി ചേച്ചിയ്ക്ക് നിയമസഹായം നല്‍കും.ഒപ്പം ഈ മാസത്തെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് കൂടി നല്‍കും. ലൈഫ് പദ്ധതിയില്‍ ഇവരേ ഉള്‍പ്പെടുത്താല്‍ കഴിയില്ലേ ആവോ)

Also Read: ‘വലിയ ബിസിനസുകാരനാണെന്ന് മാനസയെ തെറ്റിദ്ധരിപ്പിച്ചു, മാതാപിതാക്കളോടും രഖിലിന് അടുപ്പമുണ്ടായിരുന്നില്ല’; അയല്‍വാസി പറയുന്നു

Next Story