Top

‘ ഞാന്‍ ചര്‍ച്ചക്ക് പോയല്ല ഉപജീവനം കഴിക്കുന്നത്. എനിക്ക് മാന്യമായ തൊഴിലുണ്ട്, വരുമാനമുണ്ട്, ആസ്തിയുണ്ട്’; ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ അഡ്വ എ ജയശങ്കര്‍

താനും കെഎം ഷാജഹാനുമടക്കം ചിലരെ സിപിഐഎം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സിപിഐഎം പ്രതിനിധി എഎന്‍ ഷംസീര്‍ ഇറങ്ങിപോയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയായിരുന്നു എ ജയശങ്കര്‍. ‘ഞാന്‍ 2004 മുതല്‍ക്ക് ഇന്ത്യാവിഷന്‍ ചാനലില്‍ എംവി നികേഷ് കുമാറും എന്‍പി ചന്ദ്രശേഖരന്‍ എന്നിവരിരുന്ന ഒരു ചര്‍ച്ചയിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. ഇന്ത്യാവിഷനിലാണ് കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അന്ന് മുതല്‍ക്ക് ഇന്ന് […]

19 Nov 2020 7:25 AM GMT

‘ ഞാന്‍ ചര്‍ച്ചക്ക് പോയല്ല ഉപജീവനം കഴിക്കുന്നത്. എനിക്ക് മാന്യമായ തൊഴിലുണ്ട്, വരുമാനമുണ്ട്, ആസ്തിയുണ്ട്’; ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ അഡ്വ എ ജയശങ്കര്‍
X

താനും കെഎം ഷാജഹാനുമടക്കം ചിലരെ സിപിഐഎം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സിപിഐഎം പ്രതിനിധി എഎന്‍ ഷംസീര്‍ ഇറങ്ങിപോയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയായിരുന്നു എ ജയശങ്കര്‍.

‘ഞാന്‍ 2004 മുതല്‍ക്ക് ഇന്ത്യാവിഷന്‍ ചാനലില്‍ എംവി നികേഷ് കുമാറും എന്‍പി ചന്ദ്രശേഖരന്‍ എന്നിവരിരുന്ന ഒരു ചര്‍ച്ചയിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. ഇന്ത്യാവിഷനിലാണ് കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അന്ന് മുതല്‍ക്ക് ഇന്ന് വരെ പല ചാനലുകളിലായി ചര്‍ച്ചയില്‍ പങ്കെടുക്കാറുണ്ട്. ഏഷ്യാനെറ്റ്, മാതൃഭൂമി അങ്ങനെ. ഏത് ചാനലില്‍ പങ്കെടുക്കുമ്പോഴും എനിക്ക് ശരിയാണെന്ന് തോനുന്ന അഭിപ്രായമാണ് ഞാന്‍ പറയാറുള്ളത്. സ്വാഭാവികമായും ചിലര്‍ക്ക് അത് രുചിക്കാതിരിക്കുകയും രസിക്കാതിരിക്കുകയും ചെയ്യും. അല്ലാതെ സ്ഥായിയായ വിരോധത്തിനോ വൈരാഗ്യത്തിനോ കാരണമുണ്ടെന്ന് തനിക്ക് തോനുന്നില്ല.

പക്ഷെ, ഷംസീര്‍ ഇറങ്ങി പോവുന്നതിന് മുമ്പെ, മൂന്നാഴ്ച മുമ്പ് ഒരു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് എന്നെ വിനു വി ജോണ്‍ നാല് മണിക്ക് വിളിക്കുന്നു. രാത്രി എട്ട് മണിക്ക് ചര്‍ച്ചക്ക് പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടു. പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ചര്‍ച്ചക്ക് മുമ്പ് ഏഴ് മണി സമയത്ത് വിനു വി ജോണ്‍ എന്നെ വീണ്ടും വിളിക്കുന്നു. ചര്‍ച്ചയില്‍ സിപി ഐഎം പ്രതിനിധിയായി എകെജി സെന്റില്‍ നിന്ന് എംബി രാജേഷ് പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുറച്ചു നേരത്തെ എംബി രാജേഷ് വിളിച്ച് ആരൊക്കെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് ചോദിച്ചു. ഇന്നയാളുകളൊക്കെയാണ് പങ്കെടുക്കുന്നതെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അഡ്വ ജയശങ്കറും കെഎം ഷാജഹാനും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എംബി രാജേഷ് തന്നോട് പറഞ്ഞെന്ന് വിനു പറഞ്ഞു. അപ്പോള്‍ താന്‍ വേണമെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാകാമെന്നും സിപിഐഎം പ്രാതിനിധ്യം ഇല്ലാതാക്കേണ്ടെന്നും ഞാന്‍ പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്നും ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് അവരല്ല തീരുമാനിക്കേണ്ടതെന്നും വിനു എന്നോട് പറഞ്ഞു. ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ വിനു ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. സിപിഐഎം പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. പങ്കെടുക്കാമെന്ന് പറഞ്ഞിരുന്ന വ്യക്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റ് വ്യക്തികളോടുള്ള അഭിപ്രായ വ്യത്യാസമുള്ളതിലാണ് പങ്കെടുക്കാത്തതെന്നാണ് വിനു സൂചിപ്പിച്ചത്. ആരോടാണ് അഭിപ്രായ വ്യത്യാസം എന്ന് വിനു ചര്‍ച്ചയില്‍ പറഞ്ഞില്ല.

അങ്ങനെ ഒരു സംഭവം നടന്നിരുന്നതിനാല്‍ എനിക്ക് ഷംസീര്‍ ഇറങ്ങിപോയപ്പോള്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. അങ്ങനെ എന്തോ ഒരു തീരുമാനമുണ്ട്. പാര്‍ട്ടി തീരുമാനമാണോ അതോ ഇവര്‍ കുറച്ചു പേര്‍ ചേര്‍ന്നെടുത്തിരിക്കുന്നതാണോ എന്ന് സംശയമുണ്ട്. പക്ഷെ അങ്ങനെ ഒരു തീരുമാനമുണ്ട്.

കൗതുകകരമായ ഒരു കാര്യം ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിക്കുന്ന സമയത്തും പിന്‍വലിച്ചതിന് ശേഷവുമൊക്കെ സിപിഐഎംന്റെ യുവനേതാക്കളുമായി തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്. എഎ റഹീം, എസ്‌കെ സജീഷ്, ഡോ. വി ശിവദാസന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍, എംവി ഗോവിന്ദന്‍ മാഷ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവരാരും തന്നെ ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ ആക്ഷേപം പറയുകയോ തടസ്സം പറയുകയോ ഒന്നും ചെയ്തിട്ടില്ല. വളരെ സൗഹാര്‍ദ്ദപരമായിരുന്നു. പിന്നെ എന്താണ് ഇവരിപ്പോള്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതെന്ന് അറിയില്ല.

വിനു വി ജോണുമായി നടത്തിയ സംസാരത്തില്‍ മനസ്സിലായത് എന്നെയും ഷാജഹാനെയും മാത്രമല്ല ശ്രീജീത്ത് പണിക്കര്‍, ജോസഫ് സി മാത്യൂ എന്നിവരെയുമൊക്കെ കരിമ്പട്ടികയില്‍പെടുത്തിയിട്ടുണ്ട് എന്നതാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അതായത് ഇനി ഇവരൊക്കെ ഉള്ള പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വേണം മനസ്സിലാക്കാന്‍.

പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും അവര്‍ക്ക് കൊള്ളാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് താല്‍പര്യമുള്ള വിഷയവുമല്ല. ഞാന്‍ ചര്‍ച്ചക്ക് പോയല്ല ഉപജീവനം കഴിക്കുന്നത്. എനിക്ക് മാന്യമായ തൊഴിലുണ്ട്, വരുമാനമുണ്ട്, ആസ്തിയുണ്ട്. വളരെ സന്തോഷം അനുഭവിച്ച് ജീവിക്കുന്ന മനുഷ്യനാണ്. ഷംസീര്‍ ചര്‍ച്ചക്ക് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും എനിക്ക് ഒന്നുമില്ല. അതില്‍ ഉത്കണ്ഠയുമില്ല, ആകാംക്ഷയുമില്ല, വേവലാതിയുമില്ല.’

Next Story