Top

‘വിനായക് ദാമോദര്‍ സവര്‍ക്കര്‍’; ഹിറ്റ്ലറുടെയും ആരാധകന്‍, മഹാത്മാ ഗാന്ധിയുടെ സമരത്തെ ബഹിഷ്‌കരിച്ച നേതാവ്, അറിയപ്പെടാത്ത വസ്തുതകള്‍

1937 മുതല്‍ 1942 വരെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്നു സവര്‍ക്കര്‍. ഇക്കാലഘട്ടത്തില്‍ ഇന്ത്യയുടെ വിദേശ നയത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് സവര്‍ക്കര്‍ ഉന്നയിച്ചത്.

28 May 2021 4:52 AM GMT
അൻഷിഫ് ആസ്യ മജീദ്

‘വിനായക് ദാമോദര്‍ സവര്‍ക്കര്‍’; ഹിറ്റ്ലറുടെയും ആരാധകന്‍, മഹാത്മാ ഗാന്ധിയുടെ സമരത്തെ ബഹിഷ്‌കരിച്ച നേതാവ്, അറിയപ്പെടാത്ത വസ്തുതകള്‍
X

സംഘപരിവാറിന്റെയും ബിജെപിയുടെ രാഷ്ട്രീയ ആചാര്യന്‍ എന്നറിയപ്പെടുന്ന നേതാവാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. മഹാത്മാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടം നടക്കുമ്പോള്‍ തീവ്രദേശീയതയാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയെന്ന് വാദിച്ച സംഘപരിവാര്‍ ആചാര്യന്‍. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയിലേക്ക് ഇന്ത്യയെ മാറ്റിമറിക്കണമെന്ന് അതിയായി ആഗ്രഹിച്ച ഹിന്ദുത്വവാദി കൂടിയിയാരുന്നു സവര്‍ക്കര്‍.

സവര്‍ക്കറിനെക്കുറിച്ച് അറിയപ്പെടാത്ത ചില വസ്തുതകള്‍

തീവ്രദേശീയ വാദത്തിലാണ് ഇന്ത്യയുടെ ഭാവിയെന്ന് വിശ്വസിച്ചിരുന്ന സവര്‍ക്കര്‍ ഹിറ്റ്‌ലറിന്റെ ആശയങ്ങളെ പ്രശംസിച്ചിരുന്നു. 1937 മുതല്‍ 1942 വരെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്നു സവര്‍ക്കര്‍. ഇക്കാലഘട്ടത്തില്‍ ഇന്ത്യയുടെ വിദേശ നയത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് സവര്‍ക്കര്‍ ഉന്നയിച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം അക്കാലത്തെ ഫാഷിസ്റ്റ് രാജ്യങ്ങളായ ഇറ്റലിയോടും ജര്‍മ്മനിയോടും ഇന്ത്യ സൂക്ഷിച്ച നിലപാടുകളെക്കുറിച്ചായിരുന്നു. ഇറ്റലിയുടെയും ജർമ്മനിയുടെയും അധികാര പ്രയോ​ഗങ്ങളും ജനതയോട് കാണിക്കുന്ന ക്രൂരതയും എതിർത്തിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുണ്ടായിരുന്നത്.

1937 മുതല്‍ 1942 വരെയുള്ള കാലഘട്ടങ്ങളില്‍ സവര്‍ക്കര്‍ നടത്തിയ പ്രസംഗങ്ങളെ ഉദ്ധരിച്ച് ഇറ്റാലിയന്‍ ഗവേഷകനായ മാര്‍സിയ കസോലാറി(Marzia Casolari)യാണ് ഹിറ്റ്ലര്‍ ആരാധന സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നത്. കസോലാറി ശേഖരിച്ച പ്രസംഗ ഭാഗങ്ങളും വിമര്‍ശനങ്ങളും പ്രകാരം ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയുടെ ആരാധകനാണ് സവര്‍ക്കര്‍. ”ഫാഷിസ്റ്റ് നീക്കങ്ങളിലൂടെയാണ് ജര്‍മ്മനിയും ഇറ്റലിയും വളര്‍ന്നതെന്നും പുരോഗമനത്തിലേക്കുള്ള പാതയാണ് നാസിസമെന്നും” സവര്‍ക്കര്‍ പലതവണ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചുവെന്നും കസോലാറിയുടെ കണ്ടെത്തലില്‍ വ്യക്തമാക്കുന്നുണ്ട്.

നാസി ജര്‍മ്മനിയുടെ അധീനതയിലേക്ക് മാറാന്‍ പരാജയപ്പെട്ട ജനതയാണ് ജൂത മതക്കാരെന്ന് സവര്‍ക്കര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. അതേസമയം മുസോളിനിയെയും അഡോള്‍ഫ് ഹിറ്റ്‌ലറിനെയും പിന്തുണച്ച സവര്‍ക്കര്‍ മറുവശത്ത് ഇസ്രായേലിനും പിന്തുണ നല്‍കിയിരുന്നതായിട്ടാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്. അറബ് ലോകത്തിനെതിരെ വലിയ രാഷ്ട്രീയ, യുദ്ധ നീക്കങ്ങള്‍ ജൂത രാഷ്ട്രത്തില്‍ നിന്നുണ്ടാകുമെന്ന ‘ജ്ഞാനം’ അക്കാലത്ത് തന്നെ സവര്‍ക്കറിനുണ്ടായിരുന്നുവെന്ന് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാര്‍ക്കെതിരെ നയിച്ച എക്കാലത്തെയും വലിയ സമരമായ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നിശിത വിമര്‍ശനായിരുന്നു സവര്‍ക്കര്‍. ഹിന്ദുത്വ അജണ്ടകള്‍ ഗാന്ധിയിലൂടെ നടപ്പാകില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും ചരിത്രപരമായ അവകാശവാദങ്ങളുണ്ട്. ഹിന്ദു മഹാസഭ അംഗങ്ങള്‍ ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ സമരം ബഹിഷ്‌കരിക്കണമെന്ന് 1942 ആഗസ്റ്റ് 8ന് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നു.

ഇന്ന് സവര്‍ക്കറിന്റെ പിറന്നാള്‍ ദിനമാണ്. സവര്‍ക്കറുടെ രാഷ്ട്രീയ ധാരയോട് ചേര്‍ന്നു നില്‍ക്കുന്ന ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിരുന്നു. ”സ്വാതന്ത്ര്യ സമര പോരാളിയും രാജ്യസ്‌നേഹിയുമായ വീര്‍ സവര്‍ക്കറിന് ഓര്‍മ്മപ്പൂക്കള്‍ നേരുന്നുവെന്നാണ്” പിറന്നാള്‍ ദിനത്തില്‍ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ സവര്‍ക്കറിന്റെ ഇടപെടലുമായി ബന്ധപ്പെട്ട് നിരവധി ആശയ പോരാട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയാണ് സവര്‍ക്കര്‍ ചെയ്തതെന്നാണ് ഒരു വാദം. മറുവശത്ത് ‘വീര്‍’ എന്ന പദവിയോടെ സംഘപരിവാര്‍ സംഘടനകള്‍ സവര്‍ക്കറെ ആരാധിക്കുകയും ചെയ്യുന്നു.

Next Story