ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സ് സര്‍വ്വീസിനും വിലക്ക്; അനുമതി ലഭിക്കാത്ത രോഗികള്‍ കൊച്ചിയിലേക്ക് കപ്പലില്‍ പോകേണ്ടിവരും;ഉത്തരവിറങ്ങി
കപ്പല്‍ കൊച്ചിയിലെത്താന്‍ രണ്ട് ദിവസത്തെ സമയം എങ്കിലും വേണ്ടിവരുമെന്നതിനാല്‍ പുതിയ ഉത്തരവ് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.
26 May 2021 5:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിലെ ജനജീവിതത്തിന്റെ താളം തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലും മറ്റൊരു വിവാദ ഉത്തരവുമായി അഡ്മിനിസ്ട്രറ്റര്‍ രംഗത്ത്. ലക്ഷദ്വീപിലെ രോഗികള്‍ക്കായുള്ള എയര്‍ ആംബുലന്‍സ് സൗകര്യത്തിലാണ് ഇപ്പോള്‍ പ്രഫുല്‍ പട്ടേല്‍ പിടിമുറുക്കിയിരിക്കുന്നത്. രോഗികളെ വിദഗ്ധ ചികിത്സയ്ക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ പുതിയ ഉത്തരവിറക്കി. ഇതുപ്രകാരം കമ്മിറ്റി തീരുമാനം അനുസരിച്ച് മാത്രമേ രോഗികള്‍ക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കാന്‍ കഴിയൂ. ഹൈലികോപ്റ്റര് അനുമതി ലഭിക്കാത്തവര്‍ക്ക് ചികിത്സയ്ക്കായി കപ്പലിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. കപ്പല്‍ കൊച്ചിയിലെത്താന്‍ രണ്ട് ദിവസത്തെ സമയം എങ്കിലും വേണ്ടിവരുമെന്നതിനാല്‍ പുതിയ ഉത്തരവ് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.


പ്രഫുല്‍ കോദാഭായ് പട്ടേലിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹര്‍ജി നല്കാന് ലക്ഷദ്വീപ് നിവാസികള്‍ ഒരുങ്ങുകയാണ്. പട്ടേലിന്റെ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ സംസ്കാരത്തെയും ജീവിതരീതികളേയും തകര്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭീമഹര്‍ജി. ഇതിനായി ദ്വീപില്‍ ഒപ്പുശേഖരണം ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്എസ്യുഐ പോലുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ദ്വീപില്‍ വലിയ ക്യാപെയ്നുകള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ഥി, യുവജനസംഘടനകള്‍ രാഷ്ട്രപതിക്ക് കൂട്ട ഇ മെയില്‍ അയയ്ക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.