
മുന്നാക്ക സംവരണത്തിനായി സര്‍ക്കാര്‍ നഴ്സിംഗ് കോളെജുകളില്‍ പത്ത് ശതമാനത്തിലധികം അനുവദിച്ച സീറ്റുകള്‍ റദ്ദാക്കി. സര്‍ക്കാര്‍ നഴ്സിംഗ് കോളെജുകളിലെ ബിഎസ്സി നഴ്സിംഗ്, എംഎല്‍ടി കോഴ്സുകളില്‍ അധികം അനുവദിച്ച സീറ്റുകളാണ് റദ്ദാക്കിയത്. മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് ശതമാനം നിശ്ചയിച്ചതിന് തുല്യമായി മുന്നാക്ക സംവരണത്തിന് സീറ്റ് നിശ്ചയിക്കാന്‍ നിയമവകുപ്പ് നിര്‍ദേശം നല്‍കിയതോടെയാണ് തീരുമാനം. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പത്ത് ശതമാനത്തിലധികം അനുവദിച്ച സീറ്റുകള്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് നഴ്സിംഗ് കോളെജുകളിലും അധികമായി അനുവദിച്ച സീറ്റുകള്‍ റദ്ദാക്കിയത്.
ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജുകളില്‍ മുന്നാക്ക സംവരണത്തിനായി 43 സീറ്റുകളായിരുന്നു അധികമായി അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ അധികമായി അനുവദിച്ച 21 സീറ്റുകളാണ് നിയമവകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്ന് മുന്‍പ് റദ്ദാക്കിയത്.
പത്ത് ശതമാനം സംവരണമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 40 സീറ്റുകളുള്ള സമയത്താണ് മുന്നാക്ക സംവരണത്തിനായി 43 സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഒന്‍പത് ശതമാനം സംവരണമുള്ള ഈഴവ വിഭാഗത്തിന് 36 സീറ്റുകളും എട്ട് ശതമാനം സംവരണമുള്ള മുസ്ലിം വിഭാഗത്തിന് 31 സീറ്റുകളും നീക്കിവെച്ചിരുന്നു.