Top

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ റിലീസാകുമ്പോൾ പ്രതികരണം ഉടൻ ലഭിക്കും; സ്വാഭാവികതയ്ക്ക് തുടക്കമിട്ടത് മലയാള സിനിമ

ദീപാവലി ചിത്രങ്ങളായ സൂരരൈ പോട്രിനേയും മൂക്കൂത്തി അമ്മനെയും പ്രശംസിച്ച് കൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ ഉർവ്വശിയെന്ന നടിയും ഇടം പിടിച്ചിട്ടുണ്ട്.

17 Nov 2020 11:05 AM GMT

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ റിലീസാകുമ്പോൾ പ്രതികരണം ഉടൻ ലഭിക്കും; സ്വാഭാവികതയ്ക്ക് തുടക്കമിട്ടത് മലയാള സിനിമ
X

ദീപാവലി ചിത്രങ്ങളായ സൂരരൈ പോട്രിനേയും മൂക്കൂത്തി അമ്മനെയും പ്രശംസിച്ച് കൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ ഉർവ്വശിയെന്ന പേരും ഇടം പിടിച്ചിട്ടുണ്ട്. അഭിനേതാവ് എന്ന നിലയിൽ തന്റെ കഴിവ് ബോധ്യപ്പെടുത്തേണ്ട ആവശ്യം ഉർവ്വശിയ്ക്കില്ല. എങ്കിലും ഉർവശിയെന്ന അഭിനയ പ്രതിഭ തെന്നിന്ത്യൻ സിനിമയുടെ അഭിമാനമാണെന്ന് ഓരോ സിനിമകളിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പല ഭാഷകളിൽ അഭിനയിക്കുമ്പോഴും മലയാളിയുടെ സ്വകാര്യ അഭിമാനമാണ് ഉർവശിയെന്ന അഭിനേതാവ്. മാറിക്കൊണ്ടിരിക്കുന്ന സിനിമാ മേഖലെയെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഉർവശി റിപ്പോർട്ടർ ലൈവുമായി സംസാരിച്ചു.

അടിക്കടി റിലീസാകുന്ന മൂന്നു തമിഴ് സിനിമകൾ. ആ സിനിമകളിലെ അഭിനയത്തെ കുറിച്ച്‌ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ച നടക്കുന്നു. # urvashi എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നു. അൺടച്ചബിൾ ലെഗസി, സ്റ്റാർ ഓഫ് ദി സീസൺ തുടങ്ങിയ വിശേഷണങ്ങൾ ആരാധകർ നൽകുന്നു. 37 വർഷത്തെ അഭിനയ ജീവിതത്തിനിടെയുണ്ടായ ഈ അംഗീകാരത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

നമ്മൾ ചെയ്ത കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം മാത്രം. കഴിഞ്ഞ എട്ട് മാസത്തോളമായി ഒരു മഹാമാരിയുടെ ഭീതിയിലാണ് നമ്മൾ. സിനിമയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസാകുവാൻ തുടങ്ങിയപ്പോഴും ആശങ്കയുണ്ടായിരുന്നു. തിയറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകർക്ക് ഒടിടി എന്ന മാധ്യമം സ്വീകാര്യമാകുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ ഒടിടിയിൽ സിനിമ റിലീസായപ്പോൾ വളരെ വേഗത്തിൽ പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങി. രാവിലെ തന്നെ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ എന്ന് സൂരരൈ പോട്രെ കണ്ട സഹപ്രവർത്തകൻ പറഞ്ഞു. പിന്നെ സോഷ്യൽ മീഡിയയിൽ ഞാൻ സജീവമല്ല. എങ്കിലും ഭർത്താവ് എന്നെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോൾ കാണിച്ച് തരാറുണ്ട്.

അനായാസമായ അഭിനയ ശൈലിയാണ് ഉർവശി എന്ന നടിയുടെ ഐഡന്റിറ്റി. ആയാസകരമായ പരിശീലനം ഈ അഭിനയ ശൈലിയ്ക്ക് പിന്നിൽ ഉണ്ടോ?

അപ്രതീക്ഷിതമായാണ് ഞാൻ സിനിമയിൽ എത്തിയത്. ഒരു കലാകുടുംബത്തിൽ ജനിച്ചിട്ടും മറ്റുള്ളവരുടെ മുന്നിൽ എന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ താത്പര്യമേയുണ്ടായിരുന്നില്ല. കഴിവുകൾ പ്രകടിപ്പിക്കുവാനും ഒരു കഴിവ് വേണമല്ലോ..! സംവിധായകരും, സഹപ്രവർത്തകരും, പ്രേക്ഷകരുമാണ് എന്നെ മാറ്റിയത് . സംവിധായകരെ ഗുരുക്കന്മാരെപ്പോലെ കാണുന്നു. കൃത്രിമത്വമില്ലാതെ സ്വാഭാവികമായി അഭിനയിക്കുവാൻ സംവിധായകരാണ് എന്നെ പഠിപ്പിച്ചത്.

തലയണമന്ത്രത്തിലെ കാഞ്ചന, പൊന്മുട്ടയിടുന്ന താറാവിലെ സ്നേഹലത, കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരി ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത സൂരരൈ പോട്രിലെ പേച്ചി, മൂക്കുത്തി അമ്മനിലെ പാൽത്തങ്കം. വ്യത്യസ്തവും വൈവിധ്യവുമാർന്ന കഥാപാത്രങ്ങൾ. എങ്ങനെയാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്?

ആദ്യമൊക്കെ അച്ഛനും അമ്മയുമായിരുന്നു കഥ കേട്ടിരുന്നത്. നാടകത്തിന്റെ പശ്ചാത്തലമുള്ളതിനാൽ അഭിനയത്തോട് ഇരുവർക്കും വലിയ കമ്പമായിരുന്നു . കഥാപാത്രങ്ങൾ എല്ലാ വ്യത്യസ്തതയുള്ളതായിരിക്കണമെന്നു അച്ഛനും അമ്മയുമാണ് നിർദേശിച്ചത്. ഒരു പോലത്തെ കഥാപത്രങ്ങൾ ചെയ്യുന്നതിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ല. വൈവിധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ആത്മവിശ്വാസം ഇരട്ടിക്കും. അപ്പോഴാണ് നമ്മൾ പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത് . നായിക ആയിരിക്കുമ്പോൾ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു. എന്നാൽ വെറും ഒരു മിനിറ്റ് ആണെങ്കിൽ പോലും എനിക്ക് ചെയ്യുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ആ കഥാപാത്രം തീർച്ചയായും ചെയ്തിരിക്കും. തലയണമന്ത്രത്തിലെ നായിക കഥാപാത്രത്തിന് വില്ലത്തി സ്വഭാവമുണ്ടെന്നു സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ ആ കഥാപാത്രം ചെയ്യുവാനുള്ള ആഗ്രഹം ഇരട്ടിച്ചു. ഭർത്താവും മകളും മാത്രമുള്ള ഒരു ലോകം, ആ ലോകത്തിൽ മറ്റുള്ളവരെപ്പോലെ ആർഭാടത്തോടെ ജീവിക്കണമെന്ന ആഗ്രഹമുള്ള നിഷ്കളങ്കയായ സ്ത്രീയാണ് യഥാർഥത്തിൽ തലയണ മന്ത്രത്തിലെ കാഞ്ചന.

അഭിനയത്തിന് പുറമെ രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ഒരു സിനിമ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. സംവിധാനത്തോട് താത്പര്യമുണ്ടോ?
ഇല്ല. ഇതുവരെ താത്പര്യം ഉണ്ടായിട്ടില്ല. എല്ലാ സംവിധായകരോടും ബഹുമാനം ഉള്ളത് കൊണ്ടാണ്. അഭിനയത്തിലെ ലാഘവത്വം സംവിധാനത്തിൽ ഉണ്ടാകില്ല. എന്റെ സംവിധായകരുടെ നിർദേശം അനുസരിച്ചു ഞാൻ അഭിനയിക്കുന്നു. അവിടെയാണ് എന്റെ സന്തോഷവും.

തമിഴ് സിനിമകളിൽ നിന്നും മറ്റു ഭാഷ ചിത്രങ്ങൾ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

പല കാര്യങ്ങൾ കൊണ്ടും മലയാള സിനിമ വ്യത്യസ്തമാണ്. കുറഞ്ഞ ദിവസം കൊണ്ട് ചിത്രീകരിച്ച മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ സൂചിപ്പിച്ച മിക്ക സിനിമകളും വെറും പതിനെട്ടും ഇരുപതും ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എന്നാൽ മറ്റു ഭാഷകളിൽ ചിത്രീകരണത്തിനായി കൂടുതൽ ദിവസങ്ങൾ വേണ്ടിവരുന്നുണ്ട്. ലാളിത്യവും സ്വാഭാവികതയുമുള്ള സിനിമകൾ തുടങ്ങി വെച്ചത് മലയാളമാണ്. ഇപ്പോൾ അക്കാര്യത്തിൽ തമിഴും മലയാളവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പണ്ടൊക്കെ മലയാള സിനിമയുടെ സെറ്റുകളിൽ എല്ലാവരും ഒരുമിച്ചിരുന്നു ആഹാരമൊക്കെ കഴിക്കുമായിരുന്നു. ഇപ്പോൾ എല്ലാവർക്കും തിരക്കാണ്. കാരവാൻ സമ്പ്രദായമൊക്കെ വന്നു.

മോഹൻലാലിനും മമ്മൂട്ടിയ്‌ക്കൊപ്പം സിനിമകളിൽ അവർക്കു ലഭിച്ച അതെ സ്പേസ് ഉർവ്വശിയ്‌ക്കും ലഭിച്ചിരുന്നു. ഇപ്പോഴും അവരുടെ സിനിമകളിൽ അഭിനയിക്കുവാൻ താത്പര്യമുണ്ടോ ?

തീർച്ചയായും. ആർക്കാണ് മലയാളത്തിലെ മഹാനടന്മാരുടെ കൂടെ അഭിനയിക്കുവാൻ താത്പര്യമില്ലാത്തത്. ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ അഭിനയിച്ചതിന്റെ ഗുണം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ മനസ്സിലാവും. ഇവരുടെ കൂടെ അഭിനയിക്കുവാൻ സാധിച്ചല്ലോ എന്നാണ് അന്യഭാഷ ചിത്രങ്ങളിലെ സംവിധായകരും അഭിനേതാക്കളും പറയുന്നത്. പിന്നെ ആരുടെ കൂടെ അഭിനയിച്ചാലും ഏതു സിനിമയായെങ്കിലും എന്നെ മാർക്ക് ചെയ്യുന്ന കഥാപാത്രമായിരിക്കിണം.

Next Story