Top

‘ഞാന്‍ അവരോട് ക്ഷമിക്കുന്നു, പിന്തുണച്ചവര്‍ക്ക് നന്ദി’; പ്രതികരിച്ച് നടി

നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ച് പരാതിക്കാരി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി വ്യക്തമാക്കിയത്.

20 Dec 2020 8:37 PM GMT

‘ഞാന്‍ അവരോട് ക്ഷമിക്കുന്നു, പിന്തുണച്ചവര്‍ക്ക് നന്ദി’; പ്രതികരിച്ച് നടി
X

തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ച് പരാതിക്കാരിയായ നടി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്.

തന്റെ ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പൊലീസിനും നടി നന്ദി പറഞ്ഞു. ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോള്‍ കൂടെ നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നതിനൊപ്പം പ്രതികളുടെ കുടുംബം കടന്ന് പോകേണ്ടി വന്ന മാനസികാവസ്ഥ താന്‍ മനസ്സിലാക്കുകയാണെന്നും നടി പറഞ്ഞു.

ലുലുവില്‍ വെച്ച് നടന്ന സംഭവത്തില്‍ അവര്‍ കുറ്റം ഏറ്റ് പറഞ്ഞത് അംഗീകരിക്കുകയും അവരോട് ക്ഷമിക്കുകയുമാണ്.

വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച പൊലീസിനോടും മാധ്യമങ്ങളോടും ഞാന്‍ നന്ദി പറയുന്നു. ഒരോ വാക്കുകള്‍ കൊണ്ടും എനിക്ക് ധൈര്യം പകര്‍ന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. നിങ്ങളുടെ വാക്കുകള്‍ എനിക്ക് ശക്തി നല്‍കി. എന്റെ കുടുംബത്തോടൊപ്പം മറ്റു രണ്ടു പേരുടെയും കുടുംബം കടന്ന് പോകേണ്ടി വന്ന അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു.

എന്നോട് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചവരോട് ഞാന്‍ എന്റെ അനുഭാവം അറിയിക്കുകയാണ്. നിങ്ങള്‍ക്ക് ശക്തി കൈവരിക്കാന്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

നടിയുടെ പ്രതികരണം

സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദ്, ആദില്‍ എന്നിവരെ കളമശ്ശേരി പൊലീസാണ് പിടികൂടിയത്. ഇരുവരും കീഴടങ്ങുന്നതിന് മുമ്പായിരുന്നു പൊലീസ് നീക്കം. കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ടുപേരേയും കസ്റ്റഡിയിലെടുത്തത്.

നേരത്തെ സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നടിയെ അപമാനിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നും യുവാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഭിഭാഷകന്‍ പറഞ്ഞത് കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നിന്നതെന്നും യുവാക്കള്‍ പറഞ്ഞു. എന്നാല്‍ ഈ വാദം നടിയുടെ കുടുംബം തളളിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവനടി രംഗത്തെത്തിയത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ സ്പശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നെന്നെന്നും നടി പറഞ്ഞു. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. രണ്ടു യുവാക്കളാണ് യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Popular Stories

    Next Story