‘വിവാഹശേഷമാണ് തിരക്ക് കൂടിയത്, മള്‍ട്ടി ടാസ്‌കിങ്ങ് സ്ത്രീകള്‍ക്കും സാധ്യം’; മികച്ച വെബ്‌സീരിസ് അഭിനേത്രി പുരസ്‌കാരത്തില്‍ പ്രിയ മണി

വിവാഹത്തിന് ശേഷം നടിമാർക്ക് സിനിമയിൽ അവസരങ്ങൾ കുറയുന്ന അവസ്ഥയ്ക്ക് മാറ്റം വന്നുക്കൊണ്ടിരിക്കുകയാണെന്ന് നടി പ്രിയാമണി . പ്രത്യേകിച്ച് തയ്യറെടുപ്പുകൾ ഒന്നുമില്ലാതെയായിരുന്നു ഫാമിലി മാനിലെ സുചിത്ര അയ്യർ എന്ന കഥാപാത്രം അവതരിപ്പിച്ചതെന്ന് നടി പ്രിയ മണി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഒടിടി സീരീസുകളിലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫയർ ക്രിട്ടിക്സ് പുരസ്കാരമാണ് പ്രിയ മണി സ്വന്തമാക്കിയത്. വെബ് സീരീസിലെ അണിയറ പ്രവർത്തകർ നൽകിയ പിന്തുണയും ആത്മവിശ്വാസവും വലുതായിരുന്നു. മികച്ച കണ്ടന്റുകളാണ് വെബ് സീരീസുകളുടെ പ്രത്യേകത. പ്രേക്ഷകന് ഒരു കണ്ടന്റ് കാണുമ്പോൾ സ്വന്തം ജീവിതവുമായി താദാത്മ്യം ചെയ്യുവാൻ സാധിയ്ക്കണമെന്നും പ്രിയ മണി പറഞ്ഞു.

എന്റെ കുടുംബത്തിലെ മിക്ക സ്ത്രീകളുടെയും ജീവിതമാണ് ഫാമിലി മാനിലെ സുചിത്ര അയ്യരിലൂടെ ഞാൻ അവതരിപ്പിച്ചത്. കുടുംബവും ജോലിയും ഒരുപോലെ കൊണ്ട് പോകുവാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നുണ്ട്. വിചാരിച്ചാൽ സ്ത്രീകൾക്കും മൾട്ടി ടാസ്കിങ് ചെയ്യുവാൻ സാധിയ്ക്കും. വിവാഹത്തിന് ശേഷമാണ് എന്റെ തിരക്ക് കൂടിയത്. എന്റെ അഭിനയ ജീവിതത്തിനു കുടുംബം തടസ്സമല്ല. വിവാഹം കഴിഞ്ഞു മൂന്നാമത്തെ ദിവസം തന്നെ ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങി. വിവാഹത്തിന് ശേഷം നടിമാരുടെ അവസരം കുറയുമെന്ന പഴഞ്ചൻ വിശ്വാസമൊക്കെ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രിയ മണി പറഞ്ഞു

പാതാള്‍ ലോകും, ഫാമിലി മാനുമാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. രണ്ട് സീരീസുകള്‍ക്ക് അഞ്ച് പുരസ്‌കാരങ്ങള്‍ വീതം ലഭിച്ചു. ആമസോണ്‍ പ്രൈമിലൂടെ തന്നെ റിലീസ് ചെയ്ത ‘പഞ്ചായത്തി’ന് നാല് അവാര്‍ഡുകളാണ് ലഭിച്ചത്. പാതാള്‍ ലോക് ആണ് മികച്ച സീരീസ്. പാതാള്‍ ലോകിലെ അഭിനയത്തിന് ജയ്ദീപ് അഹ്ലാവട്ടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. സുസ്മിത സെന്‍ ആണ് മികച്ച നടി . കോമഡി സീരിസ് വിഭാഗത്തിലെ മികച്ച നടിയായി മിഥില പാല്‍ക്കറും മികച്ച നടനായി ജിതേന്ദ്ര കുമാറും തെരഞ്ഞെടുക്കപ്പെട്ടു.

Latest News