
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമിക്കപ്പെട്ട നടിയുടേയും ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചേക്കും.
അതേസമയം തെളിവ് ശേഖരിക്കാനായി കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. നവംബര്‍ 29 വൈകുന്നേരം 3.30 വരെയാണ് പ്രദീപ് കുമാറിനെ കസ്റ്റഡിയല്‍ വിട്ടിരിക്കുന്നത്. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30നാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രദീപിനെതിരെ അന്വേഷണ സംഘം ഗുരുതര വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി സാക്ഷികളെ കൊണ്ട് മൊഴി മാറ്റുന്നതിന് വേണ്ടി ഒരു സംഘം ജനുവരി 20ന് എറണാകുളത്താണ് യോഗം ചേര്‍ന്നത്.
ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്ന് വിളിക്കുന്ന സുനില്‍ രാജുമായി ഫോണില്‍ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് പുറമേ മറ്റ് സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നല്‍കുന്നതിന് വേണ്ടി സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.