Top

‘എന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്’; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിന് ദിലീപ് തടസ ഹര്‍ജി നല്‍കി. തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത് എന്നാണ് ദിലീപിന്റെ വാദം. വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. കോടതി മാറ്റുന്നതിന് […]

4 Dec 2020 11:44 PM GMT

‘എന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്’; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍
X

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിന് ദിലീപ് തടസ ഹര്‍ജി നല്‍കി. തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത് എന്നാണ് ദിലീപിന്റെ വാദം.

വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.

കോടതി മാറ്റുന്നതിന് വിശ്വസനീയമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

അതേസമയം, ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരിക്കും സര്‍ക്കാര്‍ സുപ്രീംകോടതിയിലും ഉയര്‍ത്തുക. സിആര്‍പിസി 406 അനുസരിച്ചായിരിക്കും കോടതി മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

സര്‍ക്കാരിനെതിരെ വന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ നവംബര്‍ 23 ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചിരുന്നു. കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും പരാതിപ്പെട്ടായിരുന്നു രാജി. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ നല്‍കിയ ഹര്‍ജിയായിരുന്നു ഹൈക്കോടതി തള്ളിയത്.

തുടര്‍ന്ന് ഉടന്‍ തന്നെ പുതിയ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് വിചാരണക്കോടതി അറിയിച്ചിരുന്നെങ്കിലും പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.

ഡിസംബറില്‍ വിചാരണ തുടങ്ങുന്നത് സംബന്ധിച്ചും തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വിചാരണക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

Next Story

Popular Stories