Top

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെയ്ക്കില്ലെന്ന് കോടതി; പ്രോസിക്യൂഷന്‍ ആവശ്യം തള്ളി

അടുത്ത മാസം മൂന്നിന് വിചാരണ നടപടികള്‍ക്കായി നടിയെ അക്രമിച്ച കേസ് മാറ്റി.

23 Oct 2020 1:57 AM GMT

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെയ്ക്കില്ലെന്ന് കോടതി; പ്രോസിക്യൂഷന്‍ ആവശ്യം തള്ളി
X

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് സാവകാശം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്.. കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോ സിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം മൂന്നിന് വിചാരണ നടപടികള്‍ക്കായി നടിയെ അക്രമിച്ച കേസ് മാറ്റി.

കേസിന്റെ വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നടി കാവ്യാ മാധവനും കാവ്യയുടെ ബന്ധുക്കളും നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷയും കോടതിയില്‍ ഹാജരായിരുന്നിട്ടും പ്രോസിക്യൂഷന്‍ വിചാരണയ്‌ക്കെത്തിയിരുന്നില്ല.

വിചാരണക്കോടതിയ്‌ക്കെതിരെ ഈ മാസം 15നാണ് പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയായ നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിക്കുകയായരുന്നു. ഇതിനുശേഷമുണ്ടായിരുന്ന നാല് സെഷനിലും സാക്ഷിവിസ്താരത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് കേസ് അനിശ്ചിതത്വത്തിലാകാന്‍ കാരണമാകുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചിരുന്നത്.

കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്.

കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്. ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും.

ഇരയെ കോടതി പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിന്നു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തു. ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത്. ഇരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണം. നീതിയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണ്. കോടതിയെ മാറ്റണമെന്ന ആവശ്യത്തിന് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. ന്യായവ്യവസ്ഥയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇക്കാര്യം പറയാത്തതെന്നും ഹര്‍ജിയിലുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. കോടതിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേള്‍ക്കുന്നതെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പൊതുസമൂഹവും അടിയന്തരമായി ഇടപെടണം. മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണെന്നും ഡബ്ല്യുസിസി ചോദിക്കുകയുണ്ടായി.

Next Story

Popular Stories