നടിയെ ആക്രമിച്ചകേസില്‍ വിചാരണകോടതി മാറ്റില്ല; ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ജഡ്ജിയെ അനാവശ്യമായി വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എഎം ഖാന്വില്ക്കരിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

നടിയെ ആക്രമിച്ചകേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ജഡ്ജിയ്ക്കെതിരെ ആരോപണമുന്നയിച്ച സംസ്ഥാനസര്‍ക്കാരിന് നേരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്ജിയ്ക്കെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തരുതെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. അതേസമയം പ്രോസിക്യൂട്ടറെ മാറ്റാന്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം മുന്‍പ് ഹൈക്കോടതി തള്ളിയപ്പോള്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കില്ലെന്നും ആക്രമിക്കപ്പെട്ട നടി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു നീക്കം. ജഡ്ജിയെ അനാവശ്യമായി വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എഎം ഖാന്വില്ക്കരിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും ഉയര്‍ത്തിയത്. സിആര്‍പിസി 406 അനുസരിച്ചാണ് കോടതി മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. സര്‍ക്കാരിനൊപ്പം ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വിചാരണക്കോടതി തുടര്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനാല്‍ ഉടന്‍ തന്നെ പുതിയ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും വിചാരണക്കോടതി അറിയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.