‘റോഡൊക്കെ എന്ത് വൃത്തിയാണ്, എന്തു സുഗമമായ യാത്രയാണ്, എന്തൊരു മാറ്റം’; ജി സുധാകരനേയും സര്‍ക്കാരിനേയും അഭിനന്ദിച്ച് നടന് ഉണ്ണി രാജ്
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്തവയാണെന്നും ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പോലും ഇടമില്ലെന്നും ഉണ്ണിരാജ് വീഡിയോയില്‍ പറയുന്നു.

അഞ്ചുവര്‍ഷക്കാലം കൊണ്ട് കേരളത്തിലെ റോഡുകള്‍ക്കുണ്ടായ മാറ്റങ്ങള്‍ വിശദീകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനേയും പ്രശംസിച്ച് നടന് ഉണ്ണിരാജ് ചെറുവത്തൂര്‍. ഇപ്പോള്‍ നാട്ടിലെ റോഡുകള്‍ എത്ര വൃത്തിയുള്ളതാണെന്നും യാത്ര എത്ര സുഗമമാണെന്നും സൂചിപ്പിച്ച് ഉണ്ണിരാജ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ സിപിഐഎം അനുഭാവികള്‍ ഏറ്റെടുത്തു. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്തവയാണെന്നും ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പോലും ഇടമില്ലെന്നും ഉണ്ണിരാജ് വീഡിയോയില്‍ പറയുന്നു.
ഉണ്ണിരാജ് ചെറുവത്തൂരിന്റെ വാക്കുകള്‍:
കൊല്ലത്തുനിന്നും എറണാകുളം വഴി ഒരു പരിപാടിയ്ക്കായി തൃശ്ശൂരിലേക്ക് വരികയായിരുന്നു. മൂന്ന് നാല് വര്‍ഷമായി ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്. എത്ര സുഗമമായ യാത്രയാണ് കേരളത്തിലെ റോഡുകളൂടെ നടത്താനാകുന്നത്. വെറ്റിലയിലേയും രാമനാട്ടുകരയിലേയും മേല്‍പ്പാലങ്ങള്‍ ഉള്ളതിനാല്‍ പെട്ടെന്ന് നമ്മുക്ക് എത്തേണ്ടിടത്തൊക്കെ എത്താനാകുന്നു. റോഡൊക്കെ എന്ത് വൃത്തിയാണ്. കൊല്ലം, ആലപ്പുഴ, തിരുവല്ല ബൈപ്പാസുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം എന്തൊരു മാറ്റമാണ്. നമ്മുടെ റോഡുകള്‍ക്കും ചെറുപട്ടണങ്ങള്‍ക്കും നല്ല മാറ്റമുണ്ട്. അത് തുറന്ന് പറയേണ്ടേ…ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പുരോഗമനത്തില്‍ നമ്മുക്ക് ഒരു അഴിമതിയും പറയാനില്ല. അഴിമതിയുടെ ഒറ്റ സംഭവംപോലുമില്ല. അതുകൊണ്ട് തന്നെ ആരും പറയുന്നുമില്ല. ഒരു ആരോപണവും പറയാനുമില്ല. ഗംഭീരമായ പുരോഗമനത്തിന്റെ പാതയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. അതില്‍ കേരളീയനെന്ന രീതിയലും കലാകാരനെന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. സര്, എല്ലാവിധ അഭിനന്ദനങ്ങളും.