Top

‘ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം, പുറത്ത് നിന്ന് ഇംഗ്ലണ്ട് ഇടപെടേണ്ട’; പരിഹാസവുമായി നടന്‍ സിദ്ധാര്‍ഥ്

ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യയ്ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാമെന്നും ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

5 Feb 2021 8:11 AM GMT

‘ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം, പുറത്ത് നിന്ന് ഇംഗ്ലണ്ട് ഇടപെടേണ്ട’; പരിഹാസവുമായി നടന്‍ സിദ്ധാര്‍ഥ്
X

കര്‍ഷകപ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിനെ പരോക്ഷമായി പരിഹസിച്ച് ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ്. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാകാം ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തരുത് എന്ന സച്ചിന്റെ ട്വീറ്റ് ക്രിക്കറ്റ് മാച്ചിന്റെ വിഷയത്തിലേക്ക് പറിച്ചുനട്ടുകൊണ്ടായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യയ്ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാമെന്നും ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് വിദേശ സെലിബ്രിറ്റികള്‍ രംഗത്തുവന്നിപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സച്ചിന്‍ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്.

സിദ്ധാര്‍ഥിന്റെ ട്വീറ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. ഇംഗ്ലണ്ട് നമ്മുക്കൊപ്പം കളിക്കാന്‍ താല്‍പ്പര്യമറിയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. എങ്ങനെ സ്വന്തമായി ബാറ്റ് ചെയ്യണമെന്നും ബൗള്‍ ചെയ്യണമെന്നും ഫീള്‍ഡ് ചെയ്യണമെന്നും ഇന്ത്യയ്ക്ക് നന്നായറിയാം. 5 ദിവസത്തിനുള്ളില്‍ സൗഹാര്‍ദ്ദപരമായ ഒരു റിസള്‍ട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ 11 കളിക്കാരും തമ്മില്‍ കളിച്ചോളാം.


ഇന്ത്യ യുണൈറ്റഡ്, ഇന്ത്യ എഗെയ്ന്‍സ്റ്റ് ഇംഗ്ലണ്ട് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസ ട്വീറ്റ്. നട്ടെല്ലുള്ളവരെ ഹീറോകളാക്കണമെന്നും അല്ലെങ്കില്‍ അവര്‍ മൂക്കുംകുത്തി വീഴുന്നത് കാണേണ്ടിവരുമെന്നും സിദ്ധാര്‍ഥ് ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമര്‍ശം. ”ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.” എന്നാണ് സച്ചിന്‍ പറഞ്ഞത്.

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകരും രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ രംഗത്ത് വന്നിരിക്കുന്നത്.

Popular Stories

    Next Story