ടൂള്‍ക്കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ദിഷയ്ക്ക് ജാമ്യം നല്‍കിയത്.

ഗ്രെറ്റ തന്‍ബെര്‍ഗിന്റെ ടൂള്‍ കിറ്റ് എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച്ച ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്‌. ദിഷയുടെ ബംഗളൂരുവിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയും ആക്ടിവിസ്റ്റുമായ നികിത ജേക്കബ്, ശാന്തനു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവച്ചതാണ് കേസിനാസ്പദമായ സംഭവം. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. രാജ്യത്തിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നാണ് പൊലീസിന്റെ ആരോപണം.

ദിശാ രവിക്കെതിരെ കടുത്ത ആരോപണമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. ദിശയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സ്വാധീനിച്ചെന്നും ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി യുവതി സഹകരിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നു. ഖലിസ്ഥാന്‍ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാന്‍ ദിശ ശ്രമിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചിരുന്നു.

Latest News