Top

സുഗതകുമാരി അന്തരിച്ചു; കേരളത്തിന്റെ പച്ചപ്പ് സംരക്ഷിക്കാന്‍ മുഴങ്ങിക്കേട്ട കവിശബ്ദം ഇനിയില്ല

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവിയത്രിയും സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു

23 Dec 2020 12:16 AM GMT

സുഗതകുമാരി അന്തരിച്ചു; കേരളത്തിന്റെ പച്ചപ്പ് സംരക്ഷിക്കാന്‍ മുഴങ്ങിക്കേട്ട കവിശബ്ദം ഇനിയില്ല
X

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവിയത്രിയും സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ തകരാറ് സംഭവച്ചതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ കൊവിഡ് ബാധയെത്തുടന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബ്രോങ്കോ ന്യുമോണിയ കാരണമുള്ള ശ്വാസ തടസമാണ് പ്രധാന ആരോഗ്യ പ്രശ്‌നമായി ഉണ്ടായിരുന്നത്.

ഈ അടുത്ത് തന്റെ മരണത്തെ കുറിച്ച് സുഗതകുമാരി സംസാരിച്ചിരുന്നു.

ഒരാല്‍മരം, തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍ അതുമാത്രമേ കൊതിക്കുന്നൂള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍ വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നു. അതിന്റെ പുറത്ത് ഒന്നും എഴുതി വെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവെക്കരുത്

സുഗതകുമാരി

ആ ആല്‍മരം തിരുവനന്തപുരത്തെ ‘അഭയ’യുടെ പിറകുവശത്ത്‌ നടണമെന്നും ടീച്ചര്‍ തയ്യാറാക്കിയ ഒസ്യത്തില്‍ പറയുന്നുണ്ട്.

കവിയും, സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി കേരളത്തിലെ ഫെമിനിസ്റ്റ്, പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ്. 1973ല്‍ തുടങ്ങിയ സേവ് സൈലന്റ് വാലി സമരത്തില്‍ സുഗതകുമാരിയുടെ പങ്ക് വളരെ വലുതായിരുന്നു. പ്രകൃതി സംരക്ഷണ സമിതി, അഭയ എന്നിവയുടെ സ്ഥാപകയാണ് സുഗതകുമാരി. ആരുമില്ലാത്ത സ്ത്രീകളുടെയും മാനസിക വൈകല്യമുള്ളവരുടെയും സംരക്ഷണത്തിനായാണ് ‘അഭയ’ സ്ഥാപിച്ചത്. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു സുഗതകുമാരി.

1934ല്‍ ആറന്‍മുളയിലാണ് സുഗതകുമാരിയുടെ ജനനം. കവിയും, സ്വാതന്ത്ര്യ സമര സേനാനിയുമായി ബോധേശ്വരന്‍, വി കെ കാര്‍ത്തിയായനി എന്നിവരാണ് മാതാപിതാക്കള്‍. അച്ഛന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരിയുടെ ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. സാഹിത്യകാരനായ ഡോ കെ വേലായുധന്‍ നായരാണ് സുഗതകുമാരിയുടെ ഭര്‍ത്താവ്. സാഹിത്യ നിരൂപകയായ ഹൃദയകുമാരിയാണ് സുഗതകുമാരിയുടെ മൂത്ത സഹോദരി.

1957ല്‍ തൂലിക നാമത്തിലാണ് സുഗതകുമാരിയുടെ ആദ്യ കവിത ഒരു ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. 1968ല്‍ പാതിരാപൂക്കള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ശേഷം 1978ല്‍ രാത്രി മഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 2006ലാണ് സുഗതകുമാരി പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയാവുന്നത്. ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, ഓഎന്‍വി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് സുഗതകുമാരിക്ക് ലഭിച്ചിട്ടുള്ളത്.

മുത്തുച്ചിപ്പി(1961), പാതിരാപ്പൂക്കള്‍(1967), പാവം പാവം മാനവ ഹൃദയം(1968), പ്രണാമം(1969), ഇരുള്‍ ചിറകുകള്‍(1969), രാത്രി മഴ(1977), അമ്പലമണി(1981), കുറുഞ്ഞി പൂക്കള്‍(1987), തുലാവര്‍ഷ പച്ച(1990), രാധയെവിടെ(1995), ദേവദാസി(1998), മണലെഴുത്ത്(2006), അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, കൃഷ്ണകവിതകള്‍, മേഘം വന്ന് തൊട്ടപ്പോള്‍, പൂവഴി, മറുവഴി, കാടിന് കാവല്‍ എന്നിവയാണ് സുഗത കുമാരിയുടെ കൃതികള്‍.

Popular Stories

    Next Story