കെ സുരേന്ദ്രന്റെ അസാന്നിധ്യം; കേന്ദ്രനിര്‍ദേശത്തില്‍ എംടി രമേശിന്റെ നേതൃത്വത്തില്‍ ബിജെപി നേതൃയോഗം
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അസാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന നേതൃയോഗം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേന്ദ്രന് ഡല്‍ഹിയില്‍ തുടരുന്നതിനിടെ സംസ്ഥാനനേതൃത്വം ശനിയാഴ്ച യോഗം ചേര്‍ന്നെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര നിര്‍ദേശപ്രകാരം എം ടി രമേശ് യോഗത്തിന് അധ്യക്ഷത വഹിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ സുരേന്ദ്രന് കഴിഞ്ഞനാലുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിലാണ് […]
12 Jun 2021 10:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അസാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന നേതൃയോഗം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേന്ദ്രന് ഡല്‍ഹിയില്‍ തുടരുന്നതിനിടെ സംസ്ഥാനനേതൃത്വം ശനിയാഴ്ച യോഗം ചേര്‍ന്നെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര നിര്‍ദേശപ്രകാരം എം ടി രമേശ് യോഗത്തിന് അധ്യക്ഷത വഹിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ സുരേന്ദ്രന് കഴിഞ്ഞനാലുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിലാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ തുടരുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കെ സുരേന്ദ്രന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഈ നിര്‍ദ്ദേശം കിട്ടിയിട്ടും കെ സുരേന്ദ്രന് ഡല്‍ഹിയില്‍ തുടരുകയാണ്.
പിണറായി വിജയന് സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നായിരുന്നു നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന് പ്രതികരിച്ചത്.
എന്നാല്‍ കേരള ബിജെപിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ ജെപി നദ്ദ ശാസിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച് നേടിയെടുത്ത ബിജെപിയുടെ നിയമസഭാ പ്രാതിനിധ്യം ഇല്ലാതാക്കുകയും, മൂന്ന് ശതമാനത്തിലധികം വോട്ട് കുറക്കുകയും, ദേശീയ തലത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്ത പ്രവര്‍ത്തനമാണ് കേരള ഘടകത്തിന്റെ മേന്മയെന്ന് ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തിയന്നടക്കമുള്ള ഗുരുതര ആരോപണങ്ങളുണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്.
ബംഗാളില്‍ 2 സീറ്റില്‍ നിന്ന് 77 സീറ്റായി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളം പൂജ്യമാക്കിയ സുരേന്ദ്രനോട് കഴിയാത്ത പണി ഏറ്റെടുക്കേണ്ടിയിരുന്നോ എന്നും നദ്ദ ചോദിച്ചെന്നും ഇപ്പോള്‍ പുറത്താക്കിയാല്‍ പാര്‍ട്ടിക്ക് നാണക്കേടാകുമെന്നത് കൊണ്ട് മാത്രമാണ് അത് ചെയ്യാത്തതെന്നും നദ്ദ അറിയിച്ചെന്നായിരുന്നു വിവരം.
എന്നാല്‍ ദേശീയ നേതൃത്വം വിളിപ്പിച്ചിട്ടല്ല ഡല്‍ഹിയിലെത്തിയതെന്ന് പ്രതികരിച്ച സുരേന്ദ്രന് നദ്ദ ശാസിച്ചെന്ന റിപ്പോര്‍ട്ടുകളെല്ലാം തള്ളിയിരുന്നു. കൊടകര കുഴല്‍പ്പണ കേസോ, മഞ്ചേശ്വരം വിവാദമോ ചര്‍ച്ച ചെയ്യാതെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിരോധമാണ് ദേശീയ നേതൃത്വ ചര്ച്ചാവിഷയമാക്കിയതെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ പ്രതികരണം.