
മൂന്നുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുംഗ് കൊല്‍ക്കത്തയിലെത്തി പൊതുജനങ്ങള്ക്കുമുന്നിലെത്തി. ഒരു ഇടവേളയ്ക്കുശേഷം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടശേഷം ഗുരുംഗ് എന്‍ഡിഎയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്നും 2021 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്നും പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിലേക്ക് പ്രമുഖ ദേശീയ മാധ്യമങ്ങളെ വിളിച്ചുവരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഡാര്‍ജിലിംഗ് സംസ്ഥാനം എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗികരിക്കാത്തതില് പ്രതിഷേധിച്ചാണ് ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച എന്‍ഡിഎ വിടുന്നതെന്നാണ് സൂചന. ഗൂര്ഖകളോടും ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളോടും ബിജെപി വാക്കുപാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം മമതാ ബാനര്‍ജി നല്കിയ വാഗ്ദാനങ്ങളെല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും ബിമല്‍ ഗുരുംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാള്‍ നിയമസഭയില്‍ നിലവില്‍ ബിമലിന്റെ പാര്‍ട്ടിയ്ക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ബിമല്‍ ഗുരുംഗ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് മാസമായി താന്‍ ഝാര്‍ഖണ്ഡിലും മുമ്പ് ദില്ലിയിലുമായി കഴിഞ്ഞു വരികയായിരുന്നുവെന്ന് ബിമല്‍ വെളിപ്പെടുത്തി.