തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് നിയമത്തിന്റെ ദുരുപയോഗം; അലഹബാദ് ഹൈക്കോടതി
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269,270 സെക്ഷനുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് 307 വകുപ്പ് ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയായിരുന്നു.

മാര്‍ച്ച് മാസത്തില്‍ രാജ്യതലസ്ഥാനത്തുവെച്ച് നടന്ന തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തയാള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് നിയമത്തിന്റെ ദുരുപയോഗമെന്ന് അലഹബാദ് ഹൈക്കോടതി. പ്രാദേശിക ഭരണസംവിധാനത്തേയും അധികൃതരേയും വിവരമറിയിക്കാതെ കൊവിഡ് വ്യാപനം തീവ്രമായ സമയത്ത് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ മുഹമ്മദ് സാദ് എന്നയാളുടെ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാനനിരീക്ഷണം.
കൊവിഡ് വ്യാപനം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് മതസമ്മേളനത്തില്‍ പങ്കെടുത്ത ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയത്തിന്റെ 307 വകുപ്പ് (വധശ്രമക്കുറ്റം) ആണ് ചുമത്തിയിരുന്നത്. ഇത് പ്രഥമദൃഷ്ട്യാ നിയമത്തിന്റെ ദുര്‍വിനിയോഗമാണെന്ന് ജസ്റ്റിസ് അജയ് ബാനോട്ട് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പകര്‍ച്ച വ്യാധി പരത്താന്‍ ശ്രമിച്ചു എന്ന് കാണിച്ചുകൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269,270 സെക്ഷനുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് 307 വകുപ്പ് ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയായിരുന്നു. ഇതിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
കേസില്‍ കോടതി ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളോടും പൊലീസ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടി. ഡിസംബര്‍ 15ന് ഇയാളുടെ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.