‘കന്‍വര്‍ യാത്ര തെറ്റെങ്കില്‍ പെരുന്നാള്‍ ഇളവുകളും’, കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഷേക് സിഗ്വി
പെരുന്നാള്‍ വിപണിക്കായി മൂന്നുദിവസം ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി. വ്യാപാരികളെ കട തുറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ഏറ്റെടുക്കുമെന്ന് പ്രഖ്യാപനവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ തന്നെ മുതിര്‍ന്ന നേതാവ് തീരുമാനത്തിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ബക്രീദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം നിന്ദ്യമാണ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായിരിക്കെയാണ് […]
17 July 2021 11:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെരുന്നാള്‍ വിപണിക്കായി മൂന്നുദിവസം ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി. വ്യാപാരികളെ കട തുറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ഏറ്റെടുക്കുമെന്ന് പ്രഖ്യാപനവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ തന്നെ മുതിര്‍ന്ന നേതാവ് തീരുമാനത്തിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ബക്രീദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം നിന്ദ്യമാണ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായിരിക്കെയാണ് ഇത്തരം ഒരു തീരുമാനം. ഉത്തര്‍ പ്രദേശിലെ കന്‍വര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് ഉള്‍പ്പെടെയുള്ള പൊതു ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ശരിയല്ലെന്നുമാണ് അഭിഷേക് സിംഗ്വിയുടെ പ്രതികരണം. ശനിയാഴ്ച പങ്കുവച്ച ട്വീറ്റിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശം.

കൊവിഡ് ഭീഷണി അവഗണിച്ച് കന്‍വര്‍ യാത്ര നടത്താന്‍ അനുമതി നല്കിയ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ നീക്കം ജനങ്ങളുടെ ജീവിതവും ഉപജീവനവും വീണ്ടും അപകടത്തിലാക്കുന്നതാണെന്ന് നേരത്തെ സിപിഐഎം നിലപാട് ഏടുത്തിരുന്നു. കന്‍വര്‍ യാത്രയും പ്രധാനമന്ത്രി മോദിയുടെ വാരണാസി സന്ദര്‍ശനവും റദ്ദാക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് സെക്രട്ടറി ഹിരാല്‍ യാദവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് സിംഗ് വി കേരളത്തിലെയും യുപിയിലെയും സാഹചര്യങ്ങള്‍ താരതമ്യം ചെയ്യുന്നത്.
അതിനിടെ, സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം ഉത്തര്‍ പ്രദേശില്‍ കന്‍വര്‍ യാത്ര റദ്ദാക്കി. തീരുമാനം പുന:പരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ശനിയാഴ്ച കന്‍വര്‍ സംഘ പ്രതിനിധികളുമായി ഉത്തര്‍പ്രദേശ് ഭരണകൂടത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്നിഷ് അവസ്തിയുള്പ്പെടെയുള്ളവര് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി കണക്കിലെടുത്ത് യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.