Top

സ്വജനപക്ഷപാതത്തിന്റ വാള് അഭിഷേക് ബച്ചനെതിരെയും; താനും അവസരങ്ങള്‍ക്കായി കാത്തിരുന്നിട്ടുണ്ടെന്ന് താരം

നമ്മളെല്ലാവരും നമ്മുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി നിരന്തരം പരിശ്രമിക്കുന്നവരാണ്. എല്ലാദിവസവും സൂര്യന് താഴെ ഒരിടമുണ്ടാക്കാന്‍ പോരാടുന്നവരാണ്

3 Oct 2020 9:06 AM GMT

സ്വജനപക്ഷപാതത്തിന്റ വാള് അഭിഷേക് ബച്ചനെതിരെയും; താനും അവസരങ്ങള്‍ക്കായി കാത്തിരുന്നിട്ടുണ്ടെന്ന് താരം
X

ദില്ലി: സോഷ്യല്‍ മീഡിയയില്‍ തന്നെ പരിഹസിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍. കരിയറിന്റ തുടക്കകാലം മുതല്‍ ‘സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നം’ എന്ന ആരോപണം നേരിടുന്ന താരം അമിതാഭ് ബച്ചന്റെ പ്രശസ്തിയിലാണ് സിനിമയില്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. താരകുടുംബത്തില്‍ നിന്നു വരുന്നതുകൊണ്ടുമാത്രമാണ് താരത്തിന് അവസരങ്ങള്‍ ലഭിക്കുന്നതെന്നും സിനിമകളില്ലാത്ത താരം കുടുംബത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നുമടക്കം താരം സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അഭിനയിക്കാനറിയാഞ്ഞിട്ടും എങ്ങനെയാണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നുവരെ ആരാധകര്‍ ചോദിച്ചുതുടങ്ങിയതോടെയാണ് വിഷയത്തില്‍ താരം പ്രതികരിക്കുന്നത്.

‘നിങ്ങള്‍ വിവരമില്ലാത്തവരും പക്വതയില്ലാത്തവരും നിഷ്‌കളങ്കരുമാണ്. വാസ്തവവിരുദ്ധവും വ്യാജവുമായ വിവരങ്ങള്‍ വിശ്വസിക്കുന്നത് നിര്‍ത്തുക’, ട്രോളുകളോടുള്ള തന്റെ മറുപടിയില്‍ താരമെഴുതി. മുന്‍കാലങ്ങളിലും ഇത്തരം ആക്ഷേപ ട്വീറ്റുകളുടെ ആക്രമണത്തിന് വിധേയരായിട്ടുള്ള അഭിഷേക് ബച്ചന്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന തൊഴില്‍രഹിതനെന്ന പരിഹാസത്തിനും താരം മറുപടി കൊടുത്തിട്ടുണ്ട്.

താരത്തിന്റ 2008ലെ ചിത്രം ദ്രോണയ്ക്കുശേഷം എങ്ങനെയാണ് പിന്നെയും സിനിമകള്‍ ലഭിച്ചതെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഇതിന് മറുപടിയായി തനിക്കതിനുശേഷം ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഏറെക്കാലം കാത്തിരിന്നിട്ടും ശ്രമിച്ചിട്ടുമാണ് തനിക്ക് പിന്നീട് അവസരങ്ങള്‍ ലഭിച്ചതെന്നും താരം വെളിപ്പെടുത്തുന്നു.

നമ്മളെല്ലാവരും നമ്മുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി നിരന്തരം പരിശ്രമിക്കുന്നവരാണ്. എല്ലാദിവസവും സൂര്യന് താഴെ ഒരിടമുണ്ടാക്കാന്‍ പോരാടുന്നവരാണ്. ജീവിതത്തിലൊന്നും എളുപ്പത്തില്‍ കിട്ടുന്നതല്ല

അഭിഷേക് ബച്ചന്‍

കൊവിഡിന് ശേഷം ചലചിത്ര മേഖല സജീവമായാലും അഭിഷേക് ബച്ചന്‍ തൊഴില്‍ രഹിതനായിരിക്കുമെന്നായിരുന്നു ഒരു ട്വീറ്റിലെ പരിഹാസം. തങ്ങളുടെ തൊഴിലും കരിയറും നിങ്ങളുടെ കൈയ്യിലാണെന്നായിരുന്നു ഇതിനോട് താരത്തിന്റെ പ്രതികരണം.

‘നിങ്ങളുടെ തീരുമാനത്തിലാണ് ഞങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നത്‌. അതിനായി ഞങ്ങള്‍ പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണ്’, അഭിഷേക് കൂട്ടിച്ചേര്‍ത്തു.

2000ല്‍ റെഫ്യൂജീ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ അഭിഷേക് ബച്ചന്‍ ധൂം സീരീസ്, ഗുരു, മന്‍മര്‍സിയാന്‍, രാവണ്‍, ഡല്‍ഹി-6 എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ബ്രീത്ത്-ഇന്‍ടു ദി ഷാഡോസ് എന്ന വെബ് ഷോയിലാണ് അവസാനമായി അഭിഷേക് ബച്ചന്‍ അഭിനയിച്ചത്. ഒടിടി റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം ദി ബിഗ് ബുള്ളാണ് ഇനി വരാനിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം.

Next Story