
അഭയാ കേസില്‍ ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കന്യാസ്ത്രീ മഠത്തിലേക്ക് അതിക്രമിച്ച് കടന്നതിന് തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധികശിക്ഷയും ഈടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രതികളെ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചത്.
കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപ്രതികളും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വ്യക്തമാക്കി.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കൊല്ലക്കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി സിസ്റ്റര്‍ അഭയയുടെ കൊലപാതകം പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.വാദങ്ങള്‍ കണ്ണടച്ചുകൊണ്ടാണ് സിസ്റ്റര്‍ സെഫി കേട്ടിരുന്നത്. നിയമവിദ്യാര്‍ഥികള്‍ അടക്കമുള്ള ഒരു വലിയ ജനക്കൂട്ടമാണ് 28 വര്‍ഷങ്ങള്‍ കേരളം കാത്തിരുന്ന ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.
ഫാദര്‍ കോട്ടൂര്‍ കന്യാസ്ത്രീ മഠത്തില്‍ അതിക്രമിച്ചുകടന്ന് കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഫാദര്‍ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അതിനാല്‍ത്തന്നെ ശിക്ഷയില്‍ ഇളവുവേണമെന്നും പ്രതിഭാഗം കോടതില്‍പ്പറഞ്ഞു. ദിവസം 20എംജി ഇന്‍സുലിന്‍ വേണമെന്നും വാദങ്ങളുണ്ടായി. ഫാദര്‍ കോട്ടൂരുമായി അവിഹിതബന്ധമായിരുന്നെന്ന വാദം സിസ്റ്റര്‍ സെഫി കോടതിയില്‍ത്തള്ളി. കാനാന്‍ നിയമപ്രകാരം പുരോഹിതന്‍ കന്യാസ്ത്രീകള്‍ക്ക് പിതാവാണ്. ഒരുപാട് അശരണര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുള്ള തനിക്ക് കൊലപാതകം ചെയ്യാനാകില്ലെന്നും സിസ്റ്റര്‍ സെഫി പറഞ്ഞു. സിസ്റ്റര്‍ സെഫിയ്ക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇവരെ സംരക്ഷിക്കുന്നത് താനാണെന്നും സെഫി കോടതിയക്കുമുന്നില്‍പ്പറഞ്ഞു.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
- TAGS:
- Abhaya Case
- Breaking News