‘സെഫിയുടെ സ്വഭാവം സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമായി’; കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
അഭയ കേസിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പ്രതികള്‍ സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു. തോമസ് എം കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്. അടയ്ക്കാ രാജുവിന്റെ സാക്ഷി മൊഴിയും വിശ്വസനീയമാണ്. തോമസ് കോട്ടൂര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനെന്ന് വ്യക്തമായി. സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലം ശക്തമായ തെളിവാണെന്നും കോടതി പ്രസ്താവിച്ചു. സെഫിയുടെ സ്വഭാവം സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമായി. കോണ്‍വെന്റിന്റെ അടുക്കള […]

അഭയ കേസിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പ്രതികള്‍ സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു. തോമസ് എം കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്. അടയ്ക്കാ രാജുവിന്റെ സാക്ഷി മൊഴിയും വിശ്വസനീയമാണ്. തോമസ് കോട്ടൂര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനെന്ന് വ്യക്തമായി. സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലം ശക്തമായ തെളിവാണെന്നും കോടതി പ്രസ്താവിച്ചു.
സെഫിയുടെ സ്വഭാവം സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമായി. കോണ്‍വെന്റിന്റെ അടുക്കള ഭാഗത്ത് സെഫിയുടെ സാന്നിധ്യവും കുറ്റകൃത്യം തെളിയുന്നതിന് പര്യാപ്തമാണ്.
സിബിഐ കോടതി
അഭയ കൊലക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിളിനെതിരെ പൊലീസ് മേധാവി ആവശ്യമായ നടപടി വേണമെന്നും പ്രത്യേക കോടതി വിധിന്യായത്തില്‍ ഉത്തരവിട്ടു.
കെ ടി മൈക്കിളിനെ മുന്‍പ് പ്രതി ചേര്‍ത്തിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് ഒഴിവാക്കിയിരുന്നു. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ അഗസ്റ്റിന്‍, തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവല്‍, കെ ടി മൈക്കിള്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്. സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. കേസില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിന്റേയും കെ ടി മൈക്കിളിന്റേയും വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് ഇരുവരേയും ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
അഭയാ കേസില്‍ ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കന്യാസ്ത്രീ മഠത്തിലേക്ക് അതിക്രമിച്ച് കടന്നതിന് തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധികശിക്ഷയും ഈടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രതികളെ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചത്.
കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപ്രതികളും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വ്യക്തമാക്കി.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കൊല്ലക്കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി സിസ്റ്റര്‍ അഭയയുടെ കൊലപാതകം പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.