Top

‘ജീവപര്യന്തം റദ്ദ് ചെയ്യണം’; അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സെഫി കോടതിയെ സമീപിച്ചിരിക്കുന്നത്.

27 Jan 2021 8:29 PM GMT

‘ജീവപര്യന്തം റദ്ദ് ചെയ്യണം’; അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

അഭയ കൊലകേസ് വിധിക്കെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മൂന്നാം പ്രതിയായ സെഫിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദ്‌ചെയ്യണമെന്ന ആവശ്യമാണ് പ്രതി കോടതിയില്‍ ഉന്നച്ചിരിക്കുന്നത്.

കേസില്‍ മറ്റൊരുപ്രതിയായ ഇരട്ട ജീവപര്യന്തത്തിന് ശക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സിബി ഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. രണ്ട് സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയാണ് ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ഏലിയാസിന്റെ (അടയ്ക്കാ രാജു) മൊഴി വിശ്വസനീയമല്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ വാദിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഫാദര്‍ കോട്ടുര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി വെള്ളിയാഴ്ച അപ്പീല്‍ സമര്‍പ്പിക്കും.

സിസ്റ്റര്‍ അഭയയെ പ്രതികള്‍ കോടാലിക്ക് തലയ്ക്ക് പിന്നില്‍ അടിച്ച് പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയെന്ന സിബിഐ റിപ്പോര്‍ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഇതിനെയാണ് പ്രതികള്‍ മുഖ്യമായും ചോദ്യം ചെയ്യുന്നത്. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതിതള്ളണമെന്ന ആവശ്യം കൊലപാതകമാണന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും തോമസ് കോട്ടൂര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

Next Story