‘കുളത്തില്‍ താമര വേണ്ട’; സൂരജ് സന്തോഷിന്റെ പൊഴിച്ചെഴുത്ത് പാട്ട് ഇനിയും വേണമെന്ന് പ്രേക്ഷകര്‍

ആലായാല്‍ തറ വേണം എന്ന നാടന്‍ പാട്ട് പൊളിച്ചെഴുതി പുതിയകാല രാഷ്ട്രീയ വായനകള്‍ ചേര്‍ത്ത് ഈണമിട്ട് സൂരജ് സന്തോഷ്. ഗായകന് യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ‘ആലായാല്‍ തറ വേണോ?’ എന്ന ഗാനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പാട്ട് മാറ്റിയെഴുതി പാടിയതിനേക്കുറിച്ച് സൂരജ് സന്തോഷ് പറയുന്നതിങ്ങനെ.
‘ആലായാല്‍ തറ വേണം എന്ന പാട്ട് അത്ര ഹാനികരമല്ലാത്ത ഒന്നായാണ് നമ്മള് കേട്ടുവളര്‍ന്നത്. പക്ഷെ, അതില്‍ പലതലങ്ങളിലായി തെറ്റായ ഒരുപാട് കാര്യങ്ങളുണ്ട്. ശ്രുതി നമ്പൂതിരിയ്ക്കൊപ്പം ഞാന്‍ പഴയ പാട്ട് പൊളിച്ചെഴുതി. എല്ലാ വാര്‍പ്പ് മാതൃകകളേയും തലമുറകളിലൂടെ അന്ധമായി കൈമാറ്റം ചെയ്യപ്പെട്ട എല്ലാ ‘സത്യ’ങ്ങളേയും നമ്മള് ചോദ്യം ചെയ്യുകയാണ്. നമുക്ക് പറഞ്ഞുതരുന്നത് മാത്രം മിണ്ടാതെ സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ വിപ്ലവത്തിന് നമുക്ക് വിത്തിടാം.’
മ്യൂസിക് വീഡിയോ റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നൊബേല്‍ സമ്മാനജേതാവായ അമേരിക്കന്‍ ഗായകന് ബോബ് ഡിലന്റെ ‘ദ ടൈംസ് ദെ ആര് എ ചേഞ്ചിങ്ങ്’ എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്.
‘ദേശത്തെ അച്ഛന്മാരേ, അമ്മമാരേ വരിക, നിങ്ങള്‍ക്ക് മനസിലാകാത്തതിനെ വിമര്‍ശിക്കാതിരിക്കുക, നിങ്ങളുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നിങ്ങളുടെ കല്പനകള്ക്ക് അതീതരാണ്, അവരുടെ കാലം മാറ്റത്തിന്റേതാകുന്നു.’
ബോബ് ഡിലന്
ആലായാല്‍ തറ വേണോ? വരികള്‍
ആലായാല്‍ തറ വേണോ അടുത്തൊരമ്പലം വേണോ
ആലിന്നുചേര്ന്നൊരു കുളവും വേണോ (2)
കുളിപ്പാനായ് കുളം വേണോ കുളത്തില്‍ ചെന്താമര വേണോ
കുളിച്ചാല്‍ പിന്നകംപുറം ചിന്തകള്‍ വേണോ
ആലായാല്‍ തറ വേണോ അടുത്തൊരമ്പലം വേണോ
ആലിന്നുചേര്ന്നൊരു കുളവും വേണോ
അതു വേണോ വേണ്ടയോന്ന് നിങ്ങള്‍ ശരിക്കൊന്ന് മനസ്സിരുത്തി ആലോചിക്കണം. ഇനിയും കുറേ കാര്യങ്ങള്‍ വരുന്നുണ്ട് പിറകെ. കേട്ടുനോക്കൂ.
പൂവായാല്‍ മണം വേണോ പുമാനെന്ന ഗണം വേണോ (2)
പൂമാനിനിമാര്‍കളായാല്‍ അടക്കം വേണ്ടാ (2)
നാടായാല്‍ നൃപന് വേണ്ടാ അരികെ മന്ത്രിമാര്‍ വേണ്ടാ (2)
നാടു നന്നാവാന്‍ നല്ല നയങ്ങള്‍ വേണം (2)
ആലായാല്‍ തറ വേണോ അടുത്തൊരമ്പലം വേണോ
ആലിന്നുചേര്ന്നൊരു കുളവും വേണോ
യുദ്ധം ചെയ്തോരെല്ലാം തോല്‍വി കുലം വേണ്ടോരെല്ലാം തോല്‍വി (2)
ഊണുറക്കമുപേക്ഷിപ്പോര്‍ ഉലകിലുണ്ടേ (2)
പടയ്ക്കൊരുങ്ങുന്നോര് വേണ്ട പൊരുതല്‍ പൊരികിനാവാം (2)
പടയ്ക്കൊരുങ്ങുന്നോര് വേണ്ട.. പൊരുത്തത്താല്‍ ഒരുമയാല്‍ പൊറുതി വേണം (2)
ആലായാല്‍ തറ വേണോ അടുത്തൊരമ്പലം വേണോ
ആലിന്നുചേര്ന്നൊരു കുളവും വേണോ (4)
കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ (2)
മനുഷ്യന് മാമൂല് വേണ്ട മംഗല്യത്തിനു സ്വര്‍ണ്ണേ വേണ്ട
മങ്ങാതിരിപ്പാന്‍ നിലപാടൊന്ന് വേണം (2)
പൗരനായാല്‍ ബോധം വേണം പാരില്‍ സമാധാനം വേണം (2)
പ്രജയെന്നും രാജനെന്നും പദവി വേണ്ട (2)
ആലായാല്‍ തറ വേണോ അടുത്തൊരമ്പലം വേണോ
ഇപ്പോള്‍ നിങ്ങള്‍ എന്തു പറയുന്നു .. വേണോ.. വേണ്ട .. അതു തന്നെ വേണ്ട
ആലായാല്‍ തറ വേണ്ട അടുത്തൊരമ്പലം വേണ്ട
ആലിന്നുചേര്ന്നൊരു കുളവും വേണ്ട
കുളിപ്പാനായ് കുളം വേണ്ട കുളത്തില്‍ ചെന്താമര വേണ്ട
കുളിച്ചാല്‍ പിന്നകംപുറം ചിന്തകള്‍ വേണ്ട (2)
വേണ്ടേ വേണ്ട… ……
വേണ്ടേ വേണ്ട… ……