മോദിയെ വിമര്‍ശിച്ച് ട്വീറ്റ്; ആജ് തക് മാധ്യമപ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പുറത്താക്കി; നയത്തിന് വിരുദ്ധമായ പ്രവൃത്തിയെന്ന് കാരണം
ട്വീറ്റുകളുടെ പേരില്‍ തന്നെ പുറത്താക്കിയ നടപടി ഇന്ത്യാ ടുഡേ അധികൃതര്‍ നട്ടെല്ലിന് ഉറപ്പില്ലാത്തവരാണെന്ന് തെളിയിക്കുന്നുണ്ടെന്ന് ശ്യാം മീര സിംഗ് ദി വയറിലൂടെ ആഞ്ഞടിച്ചു.
20 July 2021 1:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആജ് തക് മാധ്യമപ്രര്‍ത്തകനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ആരോപണം. ആജ് തക് ഓണ്‍ലൈന്‍ എഡിഷനില്‍ ജോലി ചെയ്തുവന്നിരുന്ന തന്നെ മോദിയെ വിമര്‍ശിക്കുന്ന രണ്ട് ട്വീറ്റുകളുടെ പേരില്‍ ഇന്ത്യ ടുഡേ ഗ്രൂപ്പ് പുറത്താക്കിയതെന്ന് ശ്യാം മീര സിംഗ് എന്ന മാധ്യമപ്രവര്ത്തകന് ആരോപിച്ചു. ഒരു വര്‍ഷത്തിലധികമായി ഇന്ത്യ ടുഡേ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ശ്യാം മീര സിംഗ്. രണ്ട് ട്വീറ്റുകളും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ സാമൂഹ മാധ്യമനയങ്ങളുടെ ലംഘനമാണെന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു പിരിച്ചുവിടല്‍. ദി വയര്‍ മാധ്യമത്തിലൂടെയാണ് ശ്യാം മീര സിംഗ് ആരോപണവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയെ രാജ്യം ബഹുമാനിക്കണമെങ്കില്‍ ആദ്യം പ്രധാനമന്ത്രി ആ പദവിയെ ബഹുമാനിക്കണമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ശ്യാം മീര സിംഗിന്റെ ആദ്യത്തെ ട്വീറ്റ്. നരേന്ദ്രമോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്നായിരുന്നു വളരെയധികം ചര്‍ച്ചയായ രണ്ടാമത്തെ ട്വീറ്റ്. ട്വീറ്റുകളുടെ പേരില്‍ തന്നെ പുറത്താക്കിയ നടപടി ഇന്ത്യാ ടുഡേ അധികൃതര്‍ നട്ടെല്ലിന് ഉറപ്പില്ലാത്തവരാണെന്ന് തെളിയിക്കുന്നുണ്ടെന്ന് ശ്യാം മീര സിംഗ് ദി വയറിലൂടെ ആഞ്ഞടിച്ചു.
പ്രധാനമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന ട്വീറ്റുകള്ക്കുതാഴെ ഇന്ത്യ ടുഡേ ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്ത് തന്നെ പുറത്താക്കാന്‍ ബിജെപി അനുഭാവികള്‍ ആക്രോശിക്കുന്നതായി മുന്‍പ് തന്നെ ശ്യാം മീര സിംഗ് ട്വീറ്റുകളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നരേന്ദ്രമോദി ഒരു നാണംകെട്ട പ്രധാനമന്ത്രിയാണെന്ന് സധൈര്യം പറയാന്‍ ഒരു നടപടിയും തനിക്ക് തടസമല്ലെന്നും ശ്യാം മീര സിംഗ് ഊന്നിപ്പറഞ്ഞു. രണ്ട് ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്കുശേഷമാണ് ഇന്ത്യ ടുഡേ ശ്യാം മീര സിംഗിനെ പുറത്താക്കിയതെന്ന് മാധ്യമസ്ഥാപനം ഇദ്ദേഹത്തിനയച്ച ഇ മെയില്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് അഫ്ഗാനിസ്ഥാനില്‍ രക്തസാക്ഷിത്വം വരിച്ച പ്രിയ സുഹൃത്ത് ഡാനിഷ് സിദ്ദിഖിക്ക് അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നതായും ശ്യാം മീര സിംഗ് കൂട്ടിച്ചേര്‍ത്തു.