Top

‘ആഹാ’; പ്രണയിതരായി ഇന്ദ്രജിത്തും ശാന്തിയും; ‘തണ്ടൊടിഞ്ഞ താമര’ എത്തി

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തിൽ കാണിക്കുന്നത്.

11 Feb 2021 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘ആഹാ’; പ്രണയിതരായി ഇന്ദ്രജിത്തും ശാന്തിയും; ‘തണ്ടൊടിഞ്ഞ താമര’ എത്തി
X

ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആഹാ’യിലെ ‘തണ്ടൊടിഞ്ഞ താമരയിൽ’ എന്ന പ്രണയഗാനം പുറത്തിറങ്ങി. ബിബിൻ പോൾ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധി പേർ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തിൽ കാണിക്കുന്നത്. സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്.

സയനോര ഫിലിപ്പും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്. സയനോര സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

84 ഇൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് ആഹയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. വടംവലിയിൽ ശ്രദ്ധേയരായ ആഹ നീലൂർ എന്ന ടീമിന്റെ കഥയിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുന്നേ ഇറങ്ങിയ ആഹയുടെ ടീസറും, ഈയടുത്ത് വന്ന അർജുൻ അശോകൻ ആലപിച്ച ‘കടംകഥയായ്’ എന്ന തീം സോങ്ങും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ആഹാ നിർമിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷംജിത് രവിയാണ് ആർട് ഡയറക്ടർ. സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെ ആണ് ആഹായുടെ എഡിറ്റർ . റോണക്സ് സേവിയർ ആഹായുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

Next Story