‘മാണി അഴിമതിക്കാരനല്ല’; കാരണങ്ങള്‍ നിരത്തി റഹീം; ‘കോഴമാണി’ വിളിയ്ക്ക് ഇപ്പോള്‍ മാപ്പുപറയുമോ എന്ന ചോദ്യത്തിന് മറുപടി
. ഓരോ ഘട്ടത്തിലും നാം അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തോടാണ് പ്രതികരിക്കുന്നതെന്നും മുന്നണിയുടെ വിയോജിപ്പ് യുഡിഎഫ്നോടായിരുന്നെന്നും റഹീം പറഞ്ഞു.
6 July 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ ധനമന്ത്രി കെഎം മാണി അഴിമതിക്കാരനല്ലെന്ന് പ്രസ്താവിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കെഎം മാണിക്കെതിരെ അഴിമതിക്കേസുകള്‍ ഒന്നും നിലനില്ക്കുന്നില്ല എന്നതിനാല്‍ തന്നെ മാണിയെ അഴിമതിക്കാരനെന്ന് ഒരാള്‍ക്കും വിളിക്കാന്‍ കഴിയില്ലെന്ന് റഹീം പറഞ്ഞു. കെഎം മാണിയെ കോടതികള്‍ കുറ്റവിമുക്തനാക്കിയതാണെന്നും മണ്മറഞ്ഞുപോയ ഒരാളെ പറയാത്ത ഒരു കാര്യത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളിലേക്ക് മാധ്യമങ്ങള്‍ വലിച്ചിഴക്കുന്നത് ആ മനുഷ്യനോട് കാണിക്കുന്ന അനാദരവാണെന്നും റഹീം പറഞ്ഞു. കേസിന്റെ ആവശ്യത്തിനായി മാണിക്കെതിരായ ആരോപണങ്ങള്‍ പരാമര്ശിക്കപ്പെട്ടിട്ടുണ്ടാകാം. എന്നാലതിനെ വളച്ചൊടിച്ച മാധ്യമങ്ങളുടെ നടപടി അപലപനീയമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന്റെ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു റഹീമിന്റെ പ്രതികരണം.
മാണി അഴിമതിക്കാരനല്ലെങ്കില്‍ ‘കോഴ മാണി’ എന്ന പരാമര്‍ശത്തിന് ഇടതുനേതാക്കള്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തോടും റഹീം പ്രതികരിച്ചു. ഓരോ ഘട്ടത്തിലും നാം അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തോടാണ് പ്രതികരിക്കുന്നതെന്നും മുന്നണിയുടെ വിയോജിപ്പ് യുഡിഎഫ്നോടായിരുന്നെന്നും റഹീം പറഞ്ഞു. അഴിമതിയില്‍ കുളിച്ചു നിന്ന ഒരു മുന്നണി സംവിധാനത്തില്‍ നിന്നും ജോസ് കെ മാണിയുടെ പാര്‍ട്ടി പുറത്തുവന്നു. ഈ രാഷ്ട്രീയ മാറ്റത്തിനോടുള്ള അസൂയ കൊണ്ടാണ് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ചില വ്യക്തികള്‍ അഴിമതിക്കാര്‍ ആയിരിക്കാം. അവര്‍ക്കെതിരായ ആരോപണങ്ങളോട് ഒരു മുന്നണി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ആരോപണം നേരിടുന്നവര്ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. പിജെ ജോസഫിനെതിരായ ആരോപണം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു റഹീമിന്റെ പ്രതികരണം. ഓരോ സമയത്തും അതാത് രാഷ്ട്രീയ സാഹചര്യങ്ങളോട് വേണ്ടരീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കെആര്‍ ഗൗരിയമ്മയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവങ്ങളും റഹീം പരാമര്‍ശിച്ചു. എന്നിട്ടും ഒടുവില്‍ ഈ പാര്‍ട്ടിയുടെ കൊടിയാണ് ഗൗരിയമ്മയെ പുതപ്പിച്ചതെന്നും റഹീം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയവിവാദമുണ്ടാക്കുന്ന മാധ്യമങ്ങളുടെ പ്രത്യേക താല്പര്യം ചര്‍ച്ചയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.