Top

‘സ്ത്രീവിരുദ്ധത പ്ലസ് വഷളത്തരം സമം മുല്ലപ്പള്ളി’; ഇനി സതി അനുഷ്ഠിക്കാന്‍ പറഞ്ഞേക്കുമെന്ന് ഡിവൈഎഫ്‌ഐ

അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിനെന്നും റഹീം കുറ്റപ്പെടുത്തി.

1 Nov 2020 4:27 AM GMT

‘സ്ത്രീവിരുദ്ധത പ്ലസ് വഷളത്തരം സമം മുല്ലപ്പള്ളി’; ഇനി സതി അനുഷ്ഠിക്കാന്‍ പറഞ്ഞേക്കുമെന്ന് ഡിവൈഎഫ്‌ഐ
X

വിവാദപരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. സ്ത്രീവിരുദ്ധതയും വഷളത്തരവും ചേര്‍ന്നാല്‍ മുല്ലപ്പള്ളിയായെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ റഹീം പറഞ്ഞു. അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി ശ്രീ മുല്ലപ്പള്ളി മാറി. അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിനെന്നും റഹീം കുറ്റപ്പെടുത്തി.

‘ബലാത്സംഗത്തിന് ഇരയായാല്‍ സ്ത്രീ ആത്മഹത്യ ചെയ്യണം’ എന്താണ് ഇദ്ദേഹം പറയുന്നത്? ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുക.

എ എ റഹീം

കെപിസിസി അദ്ധ്യക്ഷന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതികരിക്കണണമെന്ന് റഹീം ആവശ്യപ്പെട്ടു. അപരിഷ്‌കൃതവും സ്ത്രീ വിരുദ്ധവുമായ
പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ എഐസിസി അധ്യക്ഷ ഇടപെടണമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ചില കേന്ദ്രങ്ങളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്യേശമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

‘തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും എതിരായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്. അതൊരു സ്ത്രീ വിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങളില്‍ ദുഷ് പ്രചാരണം നടത്തുന്നത് ശരിയല്ലായെന്ന് മാത്രമെ എനിക്ക് പറയാനുള്ളു. ഈ സര്‍ക്കാര്‍ ഇന്ന് ചെന്നുപെട്ടിരിക്കുന്ന പതനത്തിന്റെ ആഴം തെളിയിക്കാന്‍ മാത്രമാണ് ഞാനിങ്ങനെ പറഞ്ഞത്. ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ വിവാദം ഉണ്ടാക്കല്‍ രാഷ്ട്രീയമായി ദുരുദ്യേശം വെച്ചുകൊണ്ടാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

Next Story