Top

സമരപന്തലില്‍ പൊലീസിനെ കയറ്റുക അക്രമികളുടെ ലക്ഷ്യമെന്ന് എഎ റഹീം; ‘ചെന്നിത്തല എത്തുന്നത് വരെ കലാപം തുടരാന്‍ പദ്ധതി’

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി തിരുവനന്തപുരത്ത് സംഘടിച്ച ക്രിമിനല്‍ സംഘം കലാപശ്രമമാണ് നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വമെന്നും റഹീം പറഞ്ഞു. പൊലീസ് സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും റഹീം പറഞ്ഞു. എഎ റഹീമിന്റെ വാക്കുകള്‍:”രാവിലെ തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനല്‍ സംഘം വലിയ കലാപ ശ്രമമാണ് […]

18 Feb 2021 8:39 AM GMT

സമരപന്തലില്‍ പൊലീസിനെ കയറ്റുക അക്രമികളുടെ ലക്ഷ്യമെന്ന് എഎ റഹീം; ‘ചെന്നിത്തല എത്തുന്നത് വരെ കലാപം തുടരാന്‍ പദ്ധതി’
X

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി തിരുവനന്തപുരത്ത് സംഘടിച്ച ക്രിമിനല്‍ സംഘം കലാപശ്രമമാണ് നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വമെന്നും റഹീം പറഞ്ഞു. പൊലീസ് സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും റഹീം പറഞ്ഞു.

എഎ റഹീമിന്റെ വാക്കുകള്‍:
”രാവിലെ തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനല്‍ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വം. പോലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

സമാധാന പരമായി സമരം ചെയ്യുന്ന എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.
രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ ഈ കലാപം തുടരാനാണ് പദ്ധതി. വരുന്ന ദിവസങ്ങളില്‍ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്. അവരോടുള്ള വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്നത്.”

അതേസമയം, സെക്രട്ടേറിയറ്റ് പരിസരത്ത് നടന്നത് അഴിഞ്ഞാട്ടമാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ആസൂത്രിതമായ ആക്രമണത്തിനുള്ള നീക്കം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളഞ്ഞിട്ട് തല്ലിയാല്‍ പൊലീസിന് പ്രതികരിക്കേണ്ടി വരും. അത്തരത്തിലുള്ള ഇടപെടല്‍ മാത്രമെ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ പി.എസ്.സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒരുനിലയിലും നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ഈ സമരം നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടതാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇതില്‍ നിന്ന് പിന്‍വാങ്ങുകയുണ്ടായി. യു.ഡി.എഫിന്റെ രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണമെന്ന് സിപിഐഎം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസങ്ങളിലായി പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. തൊഴില്‍രഹിതരായ യുവതീ-യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 1,57,909 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി. സര്‍ക്കാരിന്റെ 100 ദിന പ്രഖ്യാപനത്തിലൂടെ 50,000 പേര്‍ക്കാണ് വിവിധ മേഖലകളിലായി തൊഴില്‍ ലഭ്യമാക്കിയത്. ഇരുപതു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യു.ഡി.എഫ്, സര്‍ക്കാരിനെതിരെ കുപ്രചരണങ്ങളും, കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമിയ്ക്കുന്നത്. എല്‍.ഡി.എഫിന്റെ തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നൂവെന്ന കാര്യം മനസ്സിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് പരിശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയപ്രേരിതമായി യു.ഡി.എഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കുകയും ജാഗ്രത പാലിക്കുകയും വേണം. യു.ഡി.എഫിന്റെ കലാപനീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി ജില്ലാ-ഏരിയാ കേന്ദ്രങ്ങളില്‍ ഇന്നും നാളെയുമായി വൈകുന്നേരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story