Top

‘മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി, മതേതര മുസ്ലീങ്ങളെപ്പോലും മതമൗലിക പക്ഷത്തെത്തിച്ചവര്‍’; മുഖ്യമന്ത്രിയെ പിന്തുണച്ച് എ വിജയരാഘവന്‍

ലീഗുമായി ബന്ധപ്പെട്ട വസ്തുതകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് വിജയരാഘവന്‍ ന്യായീകരിച്ചു.

21 Dec 2020 1:40 AM GMT

‘മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി, മതേതര മുസ്ലീങ്ങളെപ്പോലും മതമൗലിക പക്ഷത്തെത്തിച്ചവര്‍’; മുഖ്യമന്ത്രിയെ പിന്തുണച്ച് എ വിജയരാഘവന്‍
X

മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് നിലപാടറിയിച്ച് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജരാഘവന്‍. മതേതര മുസ്ലീങ്ങളെപ്പോലും മതമൗലീകപക്ഷത്തെത്തിക്കുന്നതില്‍ ലീഗ് മുഖ്യപങ്ക് വഹിച്ചതായും സിപിഐഎം കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ഇതിന്റെ പങ്കുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് സിപിഐഎമ്മില്‍ നിന്നും ഔദ്യോഗികമായ പ്രതികരണമെത്തുന്നത്. ലീഗുമായി ബന്ധപ്പെട്ട വസ്തുതകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് വിജയരാഘവന്‍ ന്യായീകരിച്ചു.

വിജയരാഘവന്റെ നിലവാരമല്ല മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടതെന്ന് സമസ്ത മുഖപത്രം എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തിയിരുന്നു. മുസ്ലീം സമുദായത്തിന്റെ നെഞ്ചിലേക്ക് വര്‍ഗീയ വിഷം പുരട്ടിയ ബാണം എയ്ത കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇടതുമുന്നണി അഭൂതപൂര്‍വ്വമായ വിജയം കൈവരിച്ചെന്ന് തോന്നിയതുകൊണ്ടാണോ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന്‌ മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയമാണുയരുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യു ഡി എഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?
ഈ തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു.

കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.


നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാവുക.

Popular Stories

    Next Story