Top

തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിന്; ആ പാരമ്പര്യമല്ല, സിപിഐഎമ്മിനെന്ന് എ വിജയരാഘവന്‍

സഹകരണമേഖലയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് എല്ലാ പരിശ്രമവും സിപിഐഎം നടത്തുമെന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാത്തട്ടിപ്പിന്റെ കാര്യത്തില്‍ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നല്ലനിലയില്‍ മുമ്പോട്ടുപോകുകയാണ്. കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിനു മുമ്പില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയിലും ജീവനക്കാരിലുമുള്ള സിപിഐ എം അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് പാര്‍ടി സ്വീകരിച്ചത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. […]

30 July 2021 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിന്; ആ പാരമ്പര്യമല്ല, സിപിഐഎമ്മിനെന്ന് എ വിജയരാഘവന്‍
X

സഹകരണമേഖലയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് എല്ലാ പരിശ്രമവും സിപിഐഎം നടത്തുമെന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാത്തട്ടിപ്പിന്റെ കാര്യത്തില്‍ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നല്ലനിലയില്‍ മുമ്പോട്ടുപോകുകയാണ്. കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിനു മുമ്പില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയിലും ജീവനക്കാരിലുമുള്ള സിപിഐ എം അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് പാര്‍ടി സ്വീകരിച്ചത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സഹകരണമേഖലയില്‍ യുഡിഎഫുകാര്‍ നടത്തിയ കൊള്ളയെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതായിരുന്നു. ആ പാരമ്പര്യമല്ല സിപിഐ എമ്മിനുള്ളതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എ വിജയരാഘവന്‍ പറഞ്ഞത്: ഭരണഘടനാ വ്യവസ്ഥയും ഫെഡറല്‍ തത്വങ്ങളും ലംഘിച്ച് കേന്ദ്രത്തില്‍ സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ സഹകരണ ബാങ്കുകളിലെയും സൊസൈറ്റികളിലെയും വലിയ നിക്ഷേപത്തില്‍ കണ്ണുവച്ചാണെന്ന കാര്യത്തില്‍ ബിജെപിക്ക് ഒഴികെ മറ്റാര്‍ക്കും തര്‍ക്കമില്ല. ഈ മന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴില്‍ കൊണ്ടുവരുന്നതും ബിജെപി നേതൃത്വത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്. ഭരണഘടനാ വ്യവസ്ഥകള്‍ അട്ടിമറിക്കുന്നതിന് ഒരു മടിയുമില്ലാത്ത പാര്‍ടിയാണ് ബിജെപിയെന്ന് 2014ല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതുമുതലുള്ള അനുഭവത്തില്‍നിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ സഹകരണ പ്രസ്ഥാനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് കേന്ദ്രത്തില്‍ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം.

യുപിഎ സര്‍ക്കാര്‍ 2012ല്‍ കൊണ്ടുവന്ന 97ാം ഭരണഘടനാ ഭേദഗതിയുടെ ഒരു ഭാഗം റദ്ദാക്കി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഈയിടെ പുറപ്പെടുവിച്ച വിധി, സംസ്ഥാന വിഷയമായ സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കൈകടത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നതാണ്. സംഘങ്ങളിലെ അംഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനെന്നു വാദിച്ചാണ് 97ാം ഭേദഗതി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടുവന്നത്. സംഘങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നു, നീണ്ടകാലത്തേക്ക് ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യുന്നു, മാനേജ്‌മെന്റില്‍ പ്രൊഫഷണലിസത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കാന്‍ കേന്ദ്രത്തിന് അധികാരം വേണമെന്നായിരുന്നു വാദം. അതിനുവേണ്ടി 9ബി എന്ന ഭാഗം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പരിധിയില്‍ വരുന്ന സംഘങ്ങളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. സംസ്ഥാനാന്തര പരിധിയുള്ള സംഘങ്ങളുടെ കാര്യത്തിലേ ഇടപെടാനാകൂ. ഭരണഘടനയുടെ 246-ാം അനുച്ഛേദം കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളും സംസ്ഥാന വിഷയങ്ങളും വേര്‍തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന ലിസ്റ്റില്‍ 32ാം ഇനമായി വരുന്നതാണ് സഹകരണ സംഘങ്ങള്‍. സംസ്ഥാന അധികാരത്തില്‍ ഇടപെടാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോള്‍ വളഞ്ഞവഴിയിലൂടെ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതും അതിനുതന്നെ. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം ബിജെപിയുടെ സ്വന്തക്കാരായ വന്‍കിടക്കാര്‍ ചോര്‍ത്തിക്കൊണ്ടിരിക്കയാണ്. മൊത്തം വായ്പയുടെ 60 ശതമാനവും വന്‍കിടക്കാരാണ് കൈക്കലാക്കുന്നത്. ഇതില്‍ 85 ശതമാനവും കിട്ടാക്കടമായി മാറുന്നു. ബാങ്കിന്റെ ഭാഷയില്‍ നിഷ്‌ക്രിയ ആസ്തി. ഈ വായ്പകള്‍ പിന്നീട് എഴുതിത്തള്ളുന്നു. ഈ പശ്ചാത്തലത്തില്‍നിന്നുവേണം കേന്ദ്രത്തിന്റെ സമീപനങ്ങളെ കാണാന്‍. സഹകരണമേഖലയെ വരുതിയിലാക്കാനുള്ള കേന്ദ്രശ്രമത്തെ സഹായിക്കുന്ന രീതിയിലാണ് കേരളത്തിലെ പ്രതിപക്ഷവും മുഖ്യധാരാമാധ്യമങ്ങളും നീങ്ങുന്നത്. കേന്ദ്രത്തിനുനേരെ കണ്ണടയ്ക്കുന്ന ഇവര്‍, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണംതിരിമറി ഒറ്റപ്പെട്ട സംഭവമാണെന്ന് നമുക്കറിയാം. അതിനെ പര്‍വതീകരിച്ചും പൊതുവല്‍ക്കരിച്ചും സഹകരണ പ്രസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ സാമ്പത്തികസാമൂഹ്യ വികസനത്തില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് വലിയ പിന്തുണയാണ് സംഘങ്ങള്‍ നല്‍കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത മേഖല കുറവാണ്. വാണിജ്യബാങ്കുകളുടെ വെല്ലുവിളി നേരിട്ട് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണസംഘങ്ങള്‍ പ്രത്യേക ഇടം നേടിയിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വികസനത്തിന് സഹകരണമേഖല വഹിക്കുന്ന പങ്ക് അന്തര്‍ദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടതാണ്.

വര്‍ധിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സംഘങ്ങള്‍ പ്രായോഗിക ബദലാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വിവക്ഷിക്കുന്നത്. ഇത് അന്വര്‍ഥമാക്കിയ സംസ്ഥാനമാണ് കേരളം. കേരള ദിനേശ് ബീഡിപോലുള്ള സഹകരണ സ്ഥാപനങ്ങള്‍ സാമൂഹ്യ ജീവിതത്തിലുണ്ടാക്കിയ മാറ്റം വലുതാണ്. ബീഡിവ്യവസായം തകര്‍ച്ച നേരിട്ടപ്പോള്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ മുന്നോട്ടുപോകുകയാണ് ദിനേശ് ബീഡി. സാമൂഹ്യ പരിഷ്‌കര്‍ത്താവ് വാഗ്ഭടാനന്ദഗുരു സ്ഥാപിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസി) കേരളത്തിന്റെ അഭിമാനമാണ്. ഇതുപോലെ നിരവധി സ്ഥാപനം. ഗ്രാമീണമേഖലയില്‍ എല്ലായിടത്തും സഹകരണമേഖലയുടെ സാന്നിധ്യമുണ്ട്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും സര്‍ക്കാരിന്റെ പിന്തുണയുമാണ് സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി. ഈ ജനവിശ്വാസത്തിന് പോറലേല്‍പ്പിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ് നടത്തുന്നത്. 2020ലെ കണക്കനുസരിച്ച് 15,892 സഹകരണ സംഘമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 12,052 സംഘവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങളോടെ അഭിവൃദ്ധിപ്പെടുത്തുന്നതിനും പിണറായി വിജയന്‍ സര്‍ക്കാര്‍ 2016 മുതല്‍ എടുക്കുന്ന നടപടി ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2016ല്‍ നോട്ട് നിരോധനത്തെതുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമമാണ് കേന്ദ്ര സഹായത്തോടെ ബിജെപി നടത്തിയത്. പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സഹകരണ ബാങ്കുകളെ ഞെരിച്ചുകൊല്ലാന്‍ നോക്കി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധീരമായ നിലപാടും ഇടപെടലുമാണ് ഈ ആക്രമണത്തില്‍നിന്ന് സഹകരണ ബാങ്കുകളെ രക്ഷിച്ചത്.

കാര്‍ഷിക വികസനത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനും സാമ്പത്തിക വികസനത്തില്‍ വലിയ പങ്ക് വഹിക്കാന്‍ സഹകരണമേഖലയെ പ്രാപ്തമാക്കുന്നതിനുമാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപീകരണം തടയാനും നിരന്തര ശ്രമം യുഡിഎഫ് നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് കേരള ബാങ്ക് യാഥാര്‍ഥ്യമായത്. ഉപഭോക്തൃരംഗത്തും ശ്ലാഘനീയമായ പങ്കാണ് സഹകരണ സംഘങ്ങള്‍ വഹിക്കുന്നത്. വിപണിചൂഷണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് സഹകരണമേഖല നല്ല രീതിയില്‍ ഇടപെടുന്നു. 3807 ഉപഭോക്തൃ സംഘമാണ് നമുക്കുള്ളത്. ഈ സംഘങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ മൊത്തമായി സംഭരിച്ച് എത്തിക്കുന്ന ചുമതല നിര്‍വഹിക്കുന്നതിന് അപ്പക്‌സ് സംഘമായി സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) പ്രവര്‍ത്തിക്കുന്നു. പ്രളയ പുനര്‍നിര്‍മാണത്തില്‍ സഹകരണമേഖല വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയായി. ‘കെയര്‍ ഹോം’ പദ്ധതിയിലൂടെ രണ്ടായിരത്തിലധികം വീടാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചത്. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സുഭിക്ഷ കേരളം’ പദ്ധതി നടപ്പാക്കുന്നതിലും പ്രധാനപങ്ക് വഹിക്കുന്നത് സഹകരണമേഖലയാണ്. പ്രാഥമിക സംഘങ്ങള്‍വഴിയാണ് വായ്പ നല്‍കുന്നത്. ഈ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തിലും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് ജീവനോപാധി കണ്ടെത്തുന്നതിലും നല്‍കുന്ന പിന്തുണ വലുതാണ്. ഈ ജനകീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നേ പറയാനുള്ളൂ.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാത്തട്ടിപ്പിന്റെ കാര്യത്തില്‍ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഐ എമ്മും സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നല്ലനിലയില്‍ മുമ്പോട്ടുപോകുകയാണ്. കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിനു മുമ്പില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, ഒരാള്‍ക്കും നിക്ഷേപം നഷ്ടപ്പെടില്ലെന്നും ഉറപ്പുനല്‍കി. മാത്രമല്ല, തട്ടിപ്പുകാരില്‍നിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടിയും സ്വീകരിച്ചുവരികയാണ്. സഹകരണമേഖലയില്‍ ഇത്തരം പുഴുക്കുത്തുകള്‍ വരാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്ന് സഹകരണമന്ത്രിയും വ്യക്തമാക്കി. ഓഡിറ്റിങ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടി ആരംഭിച്ചു. കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയിലും ജീവനക്കാരിലുമുള്ള സിപിഐ എം അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് പാര്‍ടി സ്വീകരിച്ചത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല. തട്ടിപ്പ് നടത്തിയവര്‍ക്കും അതിന് സഹായിച്ചവര്‍ക്കും എതിരെ മാത്രമല്ല പാര്‍ടി നടപടി എടുത്തത്. ഇത്തരം കാര്യങ്ങള്‍ തടയുന്നതിന് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തവര്‍ക്ക് എതിരെയും നടപടി എടുത്തു. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് സിപിഐ എമ്മിനെതിരെ മാധ്യമ പ്രചാരണം നടത്തുന്നത്. സഹകരണമേഖലയില്‍ യുഡിഎഫുകാര്‍ നടത്തിയ കൊള്ളയെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതായിരുന്നു. ആ പാരമ്പര്യമല്ല സിപിഐ എമ്മിനുള്ളതെന്ന് വ്യക്തമാക്കട്ടെ.

സഹകരണമേഖലയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് എല്ലാ പരിശ്രമവും സിപിഐ എം നടത്തും. ഈ ദിശയില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടിക്ക് പാര്‍ടി പൂര്‍ണ പിന്തുണ നല്‍കും. സഹകരണ പ്രസ്ഥാനത്തെയും പാര്‍ടിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തെ ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്തും.

Popular Stories

    Next Story