Top

‘ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ല’; ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്ന് എ.വിജയരാഘവന്‍

എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച യുഡിഎഫിന് സഹിക്കാന്‍ കഴിയുന്നതല്ലെന്നും അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. വിജയരാഘവന്‍ പറഞ്ഞത്: ”രണ്ടാം പിണറായി സര്‍ക്കാരിന്റെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണം. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇന്നെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം […]

19 May 2021 6:09 AM GMT

‘ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ല’; ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്ന് എ.വിജയരാഘവന്‍
X

എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച യുഡിഎഫിന് സഹിക്കാന്‍ കഴിയുന്നതല്ലെന്നും അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.

വിജയരാഘവന്‍ പറഞ്ഞത്: ”രണ്ടാം പിണറായി സര്‍ക്കാരിന്റെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണം. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇന്നെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടം ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണം. സത്യപ്രതിജ്ഞാ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ തോതില്‍ ആഘോഷം നടക്കേണ്ടതാണ്. പുതിയ മന്ത്രിമാര്‍ക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇന്നത്തെ നിര്‍ഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇത് ഉള്‍ക്കൊണ്ട് ഗൃഹാങ്കണങ്ങളില്‍ ആഹ്ലാദം അലയടിക്കണം.”

”ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചത്. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ല.”

നാളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ക്ഷണിക്കപ്പെട്ട 500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയുക്ത മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ മുഖ്യ പന്തലില്‍ വിശാലമായ വേദി ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലുമായി അതിഥികള്‍ക്കായി രണ്ട് പന്തലുകളും ഉണ്ട്. ഇവിടെ സജ്ജമാക്കിയിട്ടുള്ള സ്‌ക്രീനില്‍ തത്സമയം ചടങ്ങ് വീക്ഷിക്കാം.

പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്. കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്ബസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം, ചടങ്ങില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ല. കൊവിഡിനും ട്രിപ്പിള്‍ ലോക് ഡൗണിനും ഇടയില്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കാനുള്ള തീരുമാനം. പതിവിന് വിപരീതമായി ഇത്തവണ 21 അംഗ എല്‍ഡിഎഫ് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. സിപിഐഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12, സിപിഐയ്ക്ക് നാലും മന്ത്രിസ്ഥാനങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനങ്ങള്‍ എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിച്ചു. നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിപദം വീതിച്ചു നല്‍കി. ആദ്യഘട്ടത്തില്‍ ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് സ്ഥാനം ലഭിക്കുന്നത്.

Next Story