Top

‘മുസ്ലിം ലീഗിന് എല്ലാം കച്ചവടം, കോണ്‍ഗ്രസിന് ലീഗിനെ പേടി’; ലീഗിന് പിന്നില്‍ നടക്കുന്ന സംഘമായി കോണ്‍ഗ്രസ് ചുരുങ്ങിയെന്ന് എ വിജയരാഘവന്‍

എംസി കമറുദ്ദീന്‍ എംഎല്‍എ നടത്തിയ അഴിമതികളെ മൂടിവെക്കുന്ന സമീപനമാണ് മുസ്ലിം ലീഗിന്റേതെന്ന വിമര്‍ശനവുമായി എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പണം തട്ടിയെടുക്കലിനെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. എല്ലാത്തിലും കച്ചവടം കാണുന്ന പാര്‍ട്ടിയാണ് ലീഗെന്നും വിജയരാഘവന്‍ ആരോപിച്ചു. കേരളത്തില്‍ ലീഗിനെ ഭയപ്പെടുന്ന നേതൃത്വമാണ് കോണ്‍ഗ്രസ്സിനുള്ളത്. ലീഗിന് പിന്നാലെ ന്യായീകരണവുമായെത്തിയത് ഇതിന് തെളിവാണ്. ഒരു ഡസനിലേറെ യുഡിഫ് എംഎല്‍എമാര്‍ വിവിധ അന്വേഷണങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ചലിക്കുന്ന ദിശയിലേക്ക് പിന്നില്‍ നടക്കുന്ന സംഘമായി കോണ്‍ഗ്രസ്സ് ചുരുങ്ങിപ്പോയി. ജമാഅത്തെ […]

9 Nov 2020 6:16 AM GMT

‘മുസ്ലിം ലീഗിന് എല്ലാം കച്ചവടം, കോണ്‍ഗ്രസിന് ലീഗിനെ പേടി’; ലീഗിന് പിന്നില്‍ നടക്കുന്ന സംഘമായി കോണ്‍ഗ്രസ് ചുരുങ്ങിയെന്ന് എ വിജയരാഘവന്‍
X

എംസി കമറുദ്ദീന്‍ എംഎല്‍എ നടത്തിയ അഴിമതികളെ മൂടിവെക്കുന്ന സമീപനമാണ് മുസ്ലിം ലീഗിന്റേതെന്ന വിമര്‍ശനവുമായി എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പണം തട്ടിയെടുക്കലിനെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. എല്ലാത്തിലും കച്ചവടം കാണുന്ന പാര്‍ട്ടിയാണ് ലീഗെന്നും വിജയരാഘവന്‍ ആരോപിച്ചു.

കേരളത്തില്‍ ലീഗിനെ ഭയപ്പെടുന്ന നേതൃത്വമാണ് കോണ്‍ഗ്രസ്സിനുള്ളത്. ലീഗിന് പിന്നാലെ ന്യായീകരണവുമായെത്തിയത് ഇതിന് തെളിവാണ്. ഒരു ഡസനിലേറെ യുഡിഫ് എംഎല്‍എമാര്‍ വിവിധ അന്വേഷണങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ചലിക്കുന്ന ദിശയിലേക്ക് പിന്നില്‍ നടക്കുന്ന സംഘമായി കോണ്‍ഗ്രസ്സ് ചുരുങ്ങിപ്പോയി. ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതിലൂടെ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ്സ് നല്‍കുന്നത്. കമറുദ്ദീനെതിരെയുള്ള അന്വേഷണം അവധാനതയോടും കൃത്യതയോടും നടന്നതാണെന്നും വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു.

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റില്‍ എംസി കമറുദ്ദീനെ പിന്തുണച്ച് ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ബാലന്‍സിങ് ആക്ട് ആണെന്നുമായിരുന്നു ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കമറുദ്ദീനെതിരായ നിയമ നടപടി അനിതര സാധാരണമാണ്. അറസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. പൊലീസ് നടപടി അതിരുകടന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനാണ് കമറുദ്ദീന്‍. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 117 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ കോടതി എംഎല്‍എയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ രണ്ടാം പ്രതിയാണ് കമറുദ്ദീന്‍.

Popular Stories

    Next Story