
മാണി സി കാപ്പന് ഇടതുമുന്നണി വിട്ടത് സ്വന്തം സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കാപ്പന് പോയാല്‍ മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലുമാറി പുറത്തുപോകുന്നവര്‍ സ്വന്തം മേല്‍വിലാസം ഉറപ്പിക്കാന്‍ പലതും ചെയ്യുമെന്നും കാലുമാറിയവര്‍ക്ക് മേല്വിലാസമുണ്ടാകില്ലെന്നും വിജയരാഘവന് ആഞ്ഞടിച്ചു.
പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനങ്ങള്‍ എല്ലാവര്ക്കും നല്‍കും. ആ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് പാര്‍ട്ടി സീറ്റും സ്ഥാനങ്ങളും നല്‍കിയത്. എന്നാല്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കാപ്പന് കാലുമാറി. കാലുമാറിയവര്‍ മേല്‍വിലാസം ഉറപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതൊന്നും ജനങ്ങള്‍ കാര്യമാക്കാന്‍ പോകുന്നില്ലെന്നും വിജയരാഘവന് ആക്ഷേപിച്ചു.
ഉദ്യോഗാര്‍ഥികളുടെ പിഎസ്എസി സമരത്തിനുനേരെയും വിജയരാഘവന് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലൂടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഒരിക്കലും പ്രായോഗികമല്ലാത്ത കാര്യത്തിനുവേണ്ടിയാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നതെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. കേരളത്തിന്റെ വികസനമുന്നേറ്റങ്ങളുടെ തെളിവായ കേരളാബാങ്കിനെ തകര്‍ക്കുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് വിനാശകരമാണെന്നും വിജയരാഘവന് ആഞ്ഞടിച്ചു.
അതേസമയം മുന്നണി മാറ്റത്തോടനുബന്ധിച്ച് പാലായില്‍ മാണി സി കാപ്പന്റെ ശക്തി പ്രകടനം പുരോഗമിക്കുകയാണ്. തുറന്ന ജീപ്പില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കാപ്പന് ശക്തി പ്രകടനം നടത്തുന്നത്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലാണ് യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം കാപ്പനൊപ്പമുള്ള നേതാക്കളേയും വേദിയിലെത്തിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.