Top

‘ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും ബിജെപിയോട് മത്സരിക്കുന്നു’; ഇവര്‍ മൃദുഹിന്ദുത്വ പ്രചാരകരെന്ന് വിജയരാഘവന്‍

ജനങ്ങളെ കബളിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യേക പ്രാവീണ്യമുണ്ടെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

10 Feb 2021 6:20 AM GMT

‘ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും ബിജെപിയോട് മത്സരിക്കുന്നു’; ഇവര്‍ മൃദുഹിന്ദുത്വ പ്രചാരകരെന്ന് വിജയരാഘവന്‍
X

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാജ്യത്തെ വര്‍ഗ്ഗീയവത്ക്കരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളോട് ഇവര്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്നും ഹിന്ദുത്വ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ ബിജെപിയോട് മത്സരിക്കുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുന്‍പ് രാഹുലും പ്രിയങ്കയും ക്ഷേത്രദര്‍ശനവും തീര്‍ത്ഥയാത്രകളും നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. ഇവര്‍ പിന്തുടരുന്നത് ബിജെപിയുടെ രീതികളാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

രാഹുലിന്റേയും പ്രിയങ്കയുടേയും മൃദുഹിന്ദുത്വ സമീപനങ്ങളെ കുറച്ചുകൂടി വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് വിജയരാഘവന്‍ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും പ്രസംഗങ്ങള്‍ അവര്‍ ബിജെപിയുമായുണ്ടാക്കിയ സൗഹൃദത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

ലോകത്ത് എവിടേയും പെട്രോളിന് ഇത്രയധികം വിലവര്‍ധിപ്പിച്ചിട്ടില്ല. ഇന്ധനവില ഉയരുന്നതോടെ മറ്റ് അവശ്യവസ്തുക്കളുടെ വിലയും ആനുപാതികമായി ഉയരും. ഈ വിധത്തില്‍ വിലവര്‍ധനയുണ്ടായിട്ടും ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടുന്നില്ല. ഇത് അവര്‍ സ്വീകരിച്ച മൃദുസമീപനത്തിന്റെ തെളിവാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ഒരു നാടിനെയാകെ തകര്‍ക്കുകയാണ്. ഇതിനെതിരെ യുഡിഎഫ്് ഒരു അക്ഷരം പോലും മിണ്ടുന്നില്ല. ബിജെപിയുമായി സഹകരിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തണമെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യേക പ്രാവീണ്യമുണ്ടെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Popular Stories

    Next Story