
ജമാഅത്തെ ഇസ്ലാമിയോട് സിപിഐഎമ്മിന് ഒരു കാലത്തും ആഭിമുഖ്യമുണ്ടായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ബിജെപിയിലേക്ക് പാലംകെട്ടാനുള്ള യുഡിഎഫിന്റെ ശ്രമം നാശത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ സംസാരിക്കവെയായിരുന്നു വിജയരാഘവന്റെ പ്രതികരണം.
ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യം ബിജെപിക്ക് കരുത്തുപകരുന്നതാണ്. നേരത്തെ കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിക്കെതിരെ എടുത്തിരുന്ന നിലപാട് ഇതായിരുന്നില്ല. സംഘടനയ്ക്ക് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയോട് എല്‍ഡിഎഫിന് ഒരു കാലത്തും ആഭിമുഖ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിനായി നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തതിനെ കുറിച്ചും രവീന്ദ്രന് പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ നിന്ന് ഒളിച്ചോടേണ്ട കാര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാറിവരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന സൂചന ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും. തെക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കും. തിരുവനന്തപുരത്ത് ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ പിന്നോട്ട് പോകും.
കൊവിഡ് പശ്ചാത്തലത്തിലും വലിയ തോതിലുള്ള പങ്കാളിത്തം കാണാന്‍ കഴിയുന്നുണ്ട്. നിര്‍ഭാഗ്യകരമായ സംഭവം സിപിഐഎം പ്രവര്ത്തകന് സംഘ്പരിവാറുകാരാല്‍ കൊല ചെയ്യപ്പെട്ടതാണ്. സമാധാന അന്തരീക്ഷം നിലനിര്‍ത്താനും വികസന നേട്ടങ്ങള്‍ കണക്കിലെടുത്തും ജനം ഇടതുപക്ഷ ആഭിമുഖ്യത്തോടെ വോട്ട് ചെയ്യുമെന്നും എ വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
- TAGS:
- A Vijayaraghavan