Top

ദൈവനാമത്തിലെ സത്യപ്രതിജ്ഞ; പാര്‍ട്ടി ബോധത്തിലേക്കെത്താത്തവര്‍ക്ക് ഉടന്‍ പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്ന് വിജയരാഘവന്‍

മന്ത്രി വീണാ ജോര്‍ജ്, ദലീമ ജോജോ, ആന്റണി ജോണ്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

10 July 2021 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദൈവനാമത്തിലെ സത്യപ്രതിജ്ഞ; പാര്‍ട്ടി ബോധത്തിലേക്കെത്താത്തവര്‍ക്ക് ഉടന്‍ പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്ന് വിജയരാഘവന്‍
X

പാര്‍ട്ടി എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജരാഘനവന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശാസ്ത്രയുക്തി ബോധമുണ്ടാകുകയെന്ന് പ്രധാനമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. അത് സമൂഹത്തില്‍ അടിത്തറ പാകുമെന്നതുകൊണ്ടാണ് യുക്തി ബോധത്തിന് സിപിഐഎം പ്രാധാന്യം കൊടുക്കുന്നത്. പാര്‍ട്ടിയിലേക്ക് ചേര്‍ന്നവര്‍ക്ക് ഉടന്‍ തന്നെ പാര്‍ട്ടി ബോധത്തിലേക്കെത്താന്‍ കഴിയണമെന്നില്ല. അതിനായി എല്ലാവര്‍ക്കും പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി വീണാ ജോര്‍ജ്, ദലീമ ജോജോ, ആന്റണി ജോണ്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. വീണ ജോര്‍ജ് മന്ത്രിയായപ്പോഴും ദൈവനാമത്തില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. മുഴുവന്‍ പാര്‍ട്ടി അംഗങ്ങളേയും ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസവും പുനര്‍വിന്യാസവുമാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ സൂചിപ്പിച്ചു. 2006ല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി എംഎല്‍എമാരെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഇടപെട്ട് ശാസിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിജയരാഘവന്റെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

അമ്പലപ്പുഴയിലെ പാര്‍ട്ടി അന്വേഷണം വ്യക്തിപരമല്ലെന്നും പരിശോധിക്കുന്നത് ലഭിച്ച പരാതികളുടെ നിജസ്ഥിതിയാണെന്നും വിജയരാഘവന്റെ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കമീഷനെ വച്ച് തന്നെയാണ് പരിശോധിക്കുന്നത്. ഇത് പാര്‍ട്ടി ശൈലിയാണ്. വ്യക്തിയില്‍ കേന്ദ്രകരിച്ച പരിശോധനയല്ല അമ്പലപ്പുഴയില്‍ നടക്കുന്നത്. പരാതികളുടെ നിജസ്ഥിതിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. സദുദ്ധേശപരമായ പരിശോധനയാണ് നടക്കുന്നത്.” പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയാന്‍ ഉദേശിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ പോരായ്മകള്‍ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മ പരിശോധന തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുദിവസം നീണ്ട സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

”എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പോരായ്മകള്‍ സംഭവിച്ചയിടങ്ങള്‍ ഗൗരവപൂര്‍മാണ് പാര്‍ടി പരിഗണിക്കാറുള്ളത്. മുന്നണി നേതാക്കള്‍ മത്സരിച്ച പാലാ, കല്‍പറ്റ മണ്ഡലങ്ങളും ജയിക്കേണ്ടിയിരുന്ന ചില മണ്ഡലങ്ങളിലും സംഘടനാപരമായ പോരായ്മ ഉണ്ടായിട്ടുണ്ട്. പോരായ്മകള്‍ തിരുത്തുക എന്നത് പാര്‍ടിയെ സംബന്ധിച്ച് ആവശ്യമാണ്. ആ നിലയില്‍ പരാജയപ്പെട്ട ചില മണ്ഡലങ്ങളിലെ പോരായ്മകള്‍ പരിശോധിക്കാന്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. വലിയ വിജയത്തിനുമുന്നില്‍ വന്നുചേര്‍ന്ന പരിമിതികളെ കാണാതെ പോകില്ല.” ഇത് ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ പരിശോധനകളും തിരുത്തലുകളും സ്വീകരിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Popular Stories

    Next Story