Top

‘പ്രതിപക്ഷം രാജി ഇടയ്ക്കിടക്ക് ആവശ്യപ്പെടാറുണ്ടല്ലോ’, പരിഹസിച്ച് വിജയരാഘവന്‍; ലോകായുക്ത നിയമപരമെന്ന് എങ്ങും തൊടാതെ മറുപടി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. രാജി ആവശ്യം തള്ളിയ വിജയരാഘവന്‍ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണയാണെന്നും പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവര്‍ ആവശ്യപ്പെടാറുണ്ട്. അത്രേയുള്ളു എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം. ലോകായുക്ത നിയമപരമായ സ്ഥാപനമാണ്. എന്താണോ നിയമം അനുശാസിക്കുന്നത് ആ നിലയില്‍ നീങ്ങുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം യോഗം ചേര്‍ന്നതിന് […]

10 April 2021 1:43 AM GMT

‘പ്രതിപക്ഷം രാജി ഇടയ്ക്കിടക്ക് ആവശ്യപ്പെടാറുണ്ടല്ലോ’, പരിഹസിച്ച് വിജയരാഘവന്‍; ലോകായുക്ത നിയമപരമെന്ന് എങ്ങും തൊടാതെ മറുപടി
X

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. രാജി ആവശ്യം തള്ളിയ വിജയരാഘവന്‍ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണയാണെന്നും പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവര്‍ ആവശ്യപ്പെടാറുണ്ട്. അത്രേയുള്ളു എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം.

ലോകായുക്ത നിയമപരമായ സ്ഥാപനമാണ്. എന്താണോ നിയമം അനുശാസിക്കുന്നത് ആ നിലയില്‍ നീങ്ങുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ജലീലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നുമാണ് മന്ത്രി എകെ ബാലന്‍ അറിയിച്ചത്. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

‘മഞ്ഞളാംകുഴി അലി ഡെപ്യൂട്ടേഷനില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധു ആയിരിക്കില്ല. ആണോയെന്നുള്ളത് എനിക്ക് അറിയില്ല. കെ എം മാണി സാറും ഇതേ പേസ്റ്റിലേക്ക് ആളെ വെച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ലെന്ന് എവിടേയും ഇല്ല. യോഗ്യതയുണ്ടോയെന്നതാണ് വിഷയം. യോഗ്യതയുണ്ടോ എന്നത് സംബന്ധിച്ച ജലീല്‍ ഹൈക്കോടതിയേയും ഗവര്‍ണറേയും നേരത്തെ ബോധ്യപ്പെടുത്തിയതാണ്. അത് എതിരായിരുന്നില്ല. ലോകായുക്ത നിലപാടില്‍ പരിശോധിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി വന്നാല്‍ അപ്പോള്‍ തന്നെ രാജി വെക്കേണ്ട സമ്പ്രദായം ഇവിടെയില്ല.’ എകെ ബാലന്റെ പ്രതികരണം ഇങ്ങനെ.

ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ജലീലിന്റെ നീക്കം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി അവധിക്കാല ബെഞ്ചിലേക്ക് അടിയന്തിര പ്രധാന്യത്തോടെ ഹരജി എത്തിക്കാനാണ് ശ്രമം. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമാണ് ലോകായുക്തയുടെ വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

Popular Stories

    Next Story