Top

പെഗാസസ്: സ്വന്തം ജനതയ്‌ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടം നടത്തുന്ന ചാരപ്പണിയാണെന്ന് എ വിജയരാഘവന്‍

പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സ്വന്തം ജനതയ്‌ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിതെന്നും വിദേശരാജ്യത്തിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്ര വ്യാപകമായി ഫോണുകള്‍ ചോര്‍ത്തിയ സംഭവം ആദ്യമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും എതിരായ ആക്രമണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രത്യേക മാതൃകതന്നെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു. എ വിജയരാഘവന്‍ പറഞ്ഞത്: ഭരണകൂടത്തെ […]

24 July 2021 3:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ്: സ്വന്തം ജനതയ്‌ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടം നടത്തുന്ന ചാരപ്പണിയാണെന്ന് എ വിജയരാഘവന്‍
X

പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സ്വന്തം ജനതയ്‌ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിതെന്നും വിദേശരാജ്യത്തിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്ര വ്യാപകമായി ഫോണുകള്‍ ചോര്‍ത്തിയ സംഭവം ആദ്യമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും എതിരായ ആക്രമണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രത്യേക മാതൃകതന്നെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എ വിജയരാഘവന്‍ പറഞ്ഞത്: ഭരണകൂടത്തെ എതിര്‍ക്കുന്നവരുടെയും ഭരണാധികാരികള്‍ക്ക് സംശയമുള്ളവരുടെയും ഫോണുകള്‍ നിയമത്തിന്റെ മറ ഉപയോഗിച്ചും നിയമവിരുദ്ധമായും ചോര്‍ത്തിയ സംഭവങ്ങള്‍ ഇന്ത്യയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു വിദേശരാജ്യത്തിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്ര വ്യാപകമായി ഫോണുകള്‍ ചോര്‍ത്തിയ സംഭവം ആദ്യമാണ്. ഇത് വെറും ഫോണ്‍ സംഭാഷണം ചോര്‍ത്തലല്ല എന്നതാണ് പ്രധാന കാര്യം. ലക്ഷ്യം വയ്ക്കുന്ന വ്യക്തിയുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെടുന്ന മുഴുവന്‍ വിവരവും ചോര്‍ത്തുകയാണ്. ഇ മെയില്‍ സന്ദേശമുള്‍പ്പെടെ. സ്വന്തം ജനതയ്‌ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിത്.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരുടെയൊക്കെ ഫോണുകളാണ് നിരീക്ഷണത്തിലായിരുന്നതെന്ന് നോക്കിയാല്‍ ഈ ചാരപ്പണിയുടെ ലക്ഷ്യം മനസ്സിലാകും. ഉന്നതരായ പ്രതിപക്ഷ നേതാക്കള്‍, പ്രമുഖരായ പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഭീമ കൊറേഗാവ് കേസിലെ ഇരകളെ സഹായിക്കുന്ന അഭിഭാഷകര്‍, സുപ്രീംകോടതിയിലെ ഒരു ജഡ്ജി, പ്രമുഖ ബിസിനസുകാര്‍. തീര്‍ന്നില്ല, കേന്ദ്രഭരണം നിയന്ത്രിക്കുന്നവര്‍ക്ക് സംശയമുള്ള ചില കേന്ദ്രമന്ത്രിമാരും പട്ടികയിലുണ്ട്. ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്ന നേതാക്കളെയും സംഘടനകളെയും നിശ്ശബ്ദരാക്കുക, സ്വതന്ത്രമായ പത്രപ്രവര്‍ത്തനം അസാധ്യമാക്കുക, നീതിപൂര്‍വകമായി നടക്കേണ്ട തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുക, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കുക, പ്രതിപക്ഷത്തിന്റെ പ്രചാരണം തടയുക, മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുക ഇതൊക്കെയാണ് പെഗാസസ് ഉപയോഗിച്ച് ചെയ്യുന്നത് അല്ലെങ്കില്‍ ലക്ഷ്യമിടുന്നത്.
ഇവിടെ നടക്കുന്നത് വെറും ഫോണ്‍ ചോര്‍ത്തലല്ലെന്ന് സൂചിപ്പിച്ചുവല്ലോ.

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളും സ്വതന്ത്രചിന്തയും പൗരന്‍മാരുടെ സ്വകാര്യതയും ഇല്ലാതാക്കുന്ന ഗൂഢപ്രവൃത്തിയാണ് നടക്കുന്നത്. ഇതൊന്നും അനുവദിക്കുന്നില്ലെങ്കില്‍ എന്താണ് ജനാധിപത്യം? ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും എതിരായ ആക്രമണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ഭരണകൂടം സദാ ജനങ്ങളെ നിരീക്ഷിക്കുന്ന ഒരു നാട്ടില്‍ സ്വതന്ത്രമായ ആശയവിനിമയംതന്നെ അസാധ്യമാകും. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ക്കു തുല്യമാണ് ഇന്ന് വ്യക്തികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍. അതിലെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുകയോ ലക്ഷ്യമിട്ട വ്യക്തികളെ നിരീക്ഷിക്കുകയോ ചെയ്തുവെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ ശക്തവുമാണ്. ആയിരത്തോളം ഫോണ്‍ നമ്പറാണ് നിരീക്ഷണ ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ മുന്നൂറോളം ഫോണ്‍ പരിശോധിക്കുകയും 22 എണ്ണം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്നാണ് പുറത്തുവന്ന വിവരങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് പ്രശസ്തമായ ലാബില്‍ ഫോണുകള്‍ പരിശോധിപ്പിച്ചത്. പാര്‍ലമെന്റില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും സത്യം വെളിപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദുര്‍ബലമായ പ്രതികരണമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് വന്നത്. നിയമവിരുദ്ധമായി ഫോണുകള്‍ ചോര്‍ത്താന്‍ ഇന്ത്യയില്‍ കഴിയില്ലെന്നാണ് ഐടി മന്ത്രി പറഞ്ഞത്. ഗവണ്‍മെന്റുകള്‍ക്കോ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കോ മാത്രമേ പെഗാസസ് വില്‍ക്കൂ എന്ന് ഇസ്രയേല്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇന്ത്യാ ഗവണ്‍മെന്റോ ഗവണ്‍മെന്റ് ഏജന്‍സികളോ ഉപയോഗിച്ചോ ഇല്ലയോ എന്നാണ് പറയേണ്ടത്. അതുപറയാന്‍ നരേന്ദ്ര മോഡിക്കോ അമിത് ഷായ്‌ക്കോ കഴിഞ്ഞിട്ടില്ല.

വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും പരിമിതമായി നിരീക്ഷിക്കുന്നതിന് ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, ഐടി ആക്ട്, ക്രിമിനല്‍ നടപടി ചട്ടം എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ദേശീയ സുരക്ഷയെയോ പൊതുജനങ്ങളുടെ സുരക്ഷയെയോ ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമേ നിയമപ്രകാരം ഇത്തരം നിരീക്ഷണം നടത്താന്‍ കഴിയൂ. ഇതിനപ്പുറം വ്യക്തികളുടെ ഫോണുകളിലെയും കംപ്യൂട്ടറുകളിലെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു നിയമവും സര്‍ക്കാരിനെ അനുവദിക്കുന്നില്ല. മാത്രമല്ല, ഐടി ആക്ട് പ്രകാരം അത്തരം ചോര്‍ത്തല്‍ ക്രിമിനല്‍ കുറ്റവുമാണ്. ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലെ കേസില്‍ 2017ല്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിപ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ്. സ്വതന്ത്രചിന്തയും പൗരസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി, ഭരണകൂടം ജനങ്ങളെ നിരീക്ഷിക്കുന്നതിനെ തടയുകയും ചെയ്യുന്നു. പൗരന്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കുന്നതിന് കര്‍ശനമായ മൂന്ന് വ്യവസ്ഥ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഒന്ന്–സ്വകാര്യതയുടെ നിയന്ത്രണം നിയമപ്രകാരമായിരിക്കണം. രണ്ട്–നിയന്ത്രണം
ഒഴിച്ചുകൂടാനാവാത്തതായിരിക്കണം. ആവശ്യമായ തോതിലുമാകണം. മൂന്ന് നിയന്ത്രണം രാജ്യ താല്‍പ്പര്യത്തിനായിരിക്കണം. സ്വകാര്യത മൗലികാവകാശം ആക്കിയ സുപ്രീംകോടതി വിധിപോലും കാറ്റില്‍പ്പറത്തിയാണ് ഇവിടെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്.

ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി നടത്തുന്ന നിരീക്ഷണം 2019ല്‍ത്തന്നെ സിപിഐ എം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഐടി വകുപ്പിന്റെ, അന്ന് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അനധികൃതമായ തരത്തില്‍ ഒരിടപെടലും നടത്തുന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. അന്ന് പാര്‍ലമെന്റില്‍ സിപിഐ എം ഉന്നയിച്ച വസ്തുതകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. നിരീക്ഷണവും ചോര്‍ത്തലും ഇപ്പോഴായാലും മുമ്പായാലും രാജ്യത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി ചെയ്തതിന് ഉദാഹരണമോ തെളിവോ ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ചോര്‍ത്തുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നത് രാഷ്ട്രീയമായ കാര്യങ്ങള്‍ക്കാണ്. കര്‍ണാടകത്തിലെ ജനതാദള്‍ (എസ്) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 2019ല്‍ പെഗാസസ് ഉപയോഗിച്ചുള്ള ചോര്‍ത്തല്‍ നടന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ജെഡിഎസിലെയും കോണ്‍ഗ്രസിലെയും 17 എംഎല്‍എമാരെ കൂറുമാറ്റിയാണ് എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയവരില്‍ 11 പേര്‍ ഇന്ന് കര്‍ണാടകത്തില്‍ ബിജെപി മന്ത്രിമാരാണ്.

നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ ഒരു സുപ്രീംകോടതി ജഡ്ജിയും ഉള്‍പ്പെടുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനംപോലും അസാധ്യമാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബിജെപി സര്‍ക്കാര്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനു നേരെ നിരന്തരമായ ആക്രമണമാണ് നടക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. നല്ലപങ്ക് മാധ്യമങ്ങളെ പ്രീണിപ്പിച്ചോ പേടിപ്പിച്ചോ സംഘപരിവാര്‍ വരുതിയിലാക്കിക്കഴിഞ്ഞു. ഇതിനൊന്നും വഴങ്ങാതെ നില്‍ക്കുന്നവര്‍ക്കെതിരായ ആക്രമണം പലവിധത്തിലാണ്. അതിലൊന്നാണ് നിരീക്ഷണം. ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ എന്ന സ്വതന്ത്ര സംഘടന തയ്യാറാക്കിയ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180ല്‍ 142-ാം സ്ഥാനത്താണ് ഇന്ത്യ. സ്വകാര്യതയ്ക്ക് സംരക്ഷണം കിട്ടുന്നില്ലെങ്കില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തീര്‍ത്തും അസാധ്യമാകും. സദാ നിരീക്ഷിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരാണ് വിവരങ്ങള്‍ നല്‍കുക? ആരാണ് അവരോട് കാര്യങ്ങള്‍ തുറന്നുപറയുക? മോഡി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പുറത്തുവരുന്നതു തടയാനുള്ള ആസൂത്രിത നീക്കമായിട്ടേ ഈ നിരീക്ഷണത്തെ കാണാന്‍ കഴിയൂ.

രാജ്യത്ത് ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രത്യേക മാതൃകതന്നെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2014 മുതല്‍ അതു നമുക്ക് കാണാന്‍ കഴിയും. എതിര്‍ അഭിപ്രായങ്ങളും വിയോജിപ്പുകളും ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗിക്കുകയും സംഘപരിവാര്‍ ഗ്രൂപ്പുകളെ കയറൂരി വിടുകയും ചെയ്യുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും കൊള്ളയും നടത്തുന്ന സംഘപരിവാര്‍ ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ സംരക്ഷണം കിട്ടുന്നു. ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാന്‍ നുണപ്രചരിപ്പിക്കുന്നതിന് മികച്ച സംവിധാനംതന്നെ ബിജെപി ഒരുക്കിയിട്ടുണ്ട്. വരുതിയിലാക്കപ്പെട്ട മാധ്യമങ്ങള്‍ ഇതിന്റെ ഭാഗമാണ്. എതിര്‍ക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തുന്നതിന് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഐപിസിയിലെ 124 എ (രാജ്യദ്രോഹക്കുറ്റം) ഇത്രയധികം ദുരുപയോഗിച്ച മറ്റൊരു സര്‍ക്കാരില്ല. പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി 2014ല്‍ ആദ്യം പാര്‍ലമെന്റിലേക്ക് കടന്നുവന്ന ചിത്രം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. പാര്‍ലമെന്റിന് മുമ്പില്‍ കുമ്പിട്ട് വണങ്ങിയശേഷമാണ് അദ്ദേഹം ജനാധിപത്യ സ്ഥാപനത്തിലേക്ക് പ്രവേശിച്ചത്. അതിനുശേഷം ചെയ്ത കാര്യങ്ങളോ? പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ് മോഡിയുടെ ഭരണം മുമ്പോട്ടുപോകുന്നത്. ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും അംഗങ്ങളുടെ അവകാശങ്ങളും കാറ്റില്‍പ്പറത്തുന്നു. മൂന്ന് കര്‍ഷകനിയമം പാസാക്കിയെടുത്തത് അംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാണ്. രാജ്യസഭയില്‍ വോട്ടെടുപ്പുപോലും അനുവദിച്ചില്ല.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് 1975ല്‍ ഇന്ദിര ഗാന്ധി ജനാധിപത്യം അട്ടിമറിച്ചത്. അടിയന്തരാവസ്ഥ ഇല്ലാതെതന്നെ നരേന്ദ്ര മോഡി ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ഇല്ലാതാക്കുന്നു. പെഗാസസ് ഉപയോഗിച്ചുള്ള ചാരപ്പണി ഇതിന്റെ ഭാഗമാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഈ സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യം. എല്ലാ ഭിന്നതയും മറന്ന് ജനാധിപത്യവാദികള്‍ ഒന്നിച്ചുനിന്ന് മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് രീതികള്‍ക്ക് കടിഞ്ഞാണിടണം.

Popular Stories

    Next Story