Top

‘വര്‍ഗീയ ശക്തികള്‍ക്കുവേണ്ടി കോണ്‍ഗ്രസ്’; വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എ വിജയരാഘവന്‍; ‘ജമാഅത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനം’

വര്‍ഗീയ ശക്തികള്‍ക്കുവേണ്ടി കോണ്‍ഗ്രസ് സ്വന്തം നയത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. 10 ശതമാനം സംവരണ വിഷയത്തില്‍ സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചതെന്നും മുസ്ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരം പോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്.ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചാണ് കോണ്‍ഗ്രസ് വിജയം […]

31 Jan 2021 10:46 PM GMT

‘വര്‍ഗീയ ശക്തികള്‍ക്കുവേണ്ടി കോണ്‍ഗ്രസ്’; വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എ വിജയരാഘവന്‍; ‘ജമാഅത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനം’
X

വര്‍ഗീയ ശക്തികള്‍ക്കുവേണ്ടി കോണ്‍ഗ്രസ് സ്വന്തം നയത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. 10 ശതമാനം സംവരണ വിഷയത്തില്‍ സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചതെന്നും മുസ്ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരം പോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചാണ് കോണ്‍ഗ്രസ് വിജയം നേടിയത്. സംസ്ഥാനത്താകെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. എതിര്‍ത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍പോലും പിന്നീട് വഴങ്ങിയെന്നും വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

വിജയരാഘവന്റെ ലേഖനം പൂര്‍ണരൂപം: തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ ഫലപ്രദമായി ഉപയോഗിച്ചാണ് വിജയം നേടിയത്. എന്നാല്‍, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന് അവര്‍ പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്തു. ഇത് രാജ്യത്തെ രാഷ്ട്രീയ ഘടനയില്‍ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് മേധാവിത്വം നല്‍കി. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കുന്നതിലും സംസ്ഥാന പദവികളെടുത്തുകളഞ്ഞതിലും മുസ്ലിം വിരുദ്ധതയാണ് പ്രകടമായത്. അയോധ്യയിലെ ക്ഷേത്രനിര്‍മാണനേതൃത്വം കേന്ദ്ര ഗവണ്‍മെന്റ് തന്നെ ഏറ്റെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും അത് നടപ്പാക്കുമെന്നു തന്നെയാണ് കേന്ദ്രം പറയുന്നത്. യുപിയിലെ ബിജെപി സംസ്ഥാന സര്‍ക്കാര്‍ ലൗജിഹാദിന്റെ പേരില്‍ ഒരു മുസ്ലിംവിരുദ്ധ നിയമംതന്നെ പാസാക്കിയിരിക്കുകയാണ്. അയോധ്യാക്ഷേത്ര നിര്‍മാണത്തിനുള്ള നിര്‍ബന്ധപിരിവും അവിടെ നടക്കുന്നു. സ്വാഭാവികമായും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനോടുള്ള ഓരോ പാര്‍ടിയുടെയും നിലപാടും പ്രസക്തമാണ്.

ആര്‍എസ്എസ് പിന്നില്‍നിന്നു നിയന്ത്രിക്കുന്ന മോഡി ഭരണത്തിന്റെ തീവ്രഹിന്ദുത്വ നിലപാടിനെ സിപിഐഎം ചാഞ്ചാട്ടമില്ലാതെ എതിര്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധതയ്ക്കെതിരെ മുഴുവന്‍ മതനിരപേക്ഷവാദികളെയും ഒന്നിപ്പിച്ച് എതിര്‍ക്കാനും നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പരസ്യമായി പറയാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായി. എല്‍ഡിഎഫ് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അയോധ്യാക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നതിനെയും യുപി സര്‍ക്കാരിന്റെ നിര്‍ബന്ധിത പിരിവിനെയും ആദ്യം എതിര്‍ത്തത് സിപിഐ എം ആയിരുന്നു. എന്നാല്‍, അയോധ്യയിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥ് ചെയ്തത്. ശിലാസ്ഥാപനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനെ എതിര്‍ക്കാതെ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന പരാതിയാണ് അവര്‍ നടത്തിയത്. കശ്മീര്‍ വിഷയത്തിലും കേന്ദ്ര നിലപാടിനെ പൂര്‍ണമായി എതിര്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ഇതില്‍നിന്ന് വ്യക്തമാകുന്ന വസ്തുത ബിജെപിയുടെ തീവ്രഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ രാഷ്ട്രീയ അവസരവാദനിലപാടാണ് കോണ്‍ഗ്രസിനുള്ളത് എന്നാണ്. ഈ പശ്ചാത്തലത്തില്‍ വേണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനുഭവങ്ങളെ കാണാന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വര്‍ഗീയ കൂട്ടുകെട്ടിനെ കൂടുതല്‍ വിപുലീകരിക്കാന്‍ യുഡിഎഫ് തയ്യാറായി. ജമാഅത്തെ ഇസ്ലാമിയെക്കൂടി മുന്നണിയില്‍ ചേര്‍ത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ, സിപിഐ എം വര്‍ഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവര്‍ നടത്തിയത്. എന്നാല്‍, കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മാധ്യമം ദിനപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി ബന്ധം

ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളില്‍ അംഗവുമായ ഒ അബ്ദുറഹിമാന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത് കള്ളനെ കൈയോടെ പിടിക്കാന്‍ സഹായിക്കും.”ലോക്സഭാ തെരഞ്ഞെടുപ്പിന് (2019) മാസങ്ങള്‍ക്കുമുമ്പ് എം ഐ ഷാനവാസ് എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ഏര്‍പ്പാട് ചെയ്തു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഷാനവാസ് എന്നീ നേതാക്കള്‍ യുഡിഎഫിനെയും എം ഐ അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിവര്‍ ജമാഅത്തിനെയും പ്രതിനിധാനം ചെയ്തു. ചര്‍ച്ചകളില്‍ ഞാനുമുണ്ടായിരുന്നു. നിങ്ങള്‍ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അതനുസരിച്ച് വെല്‍ഫെയര്‍ പാര്‍ടി യുഡിഎഫിനൊപ്പം നിന്നു, മുഴുവന്‍ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകള്‍ക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത് ജമാഅത്തിന്റെ മൗലിക നിലപാടാണ്. ഷാനവാസ് വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു”

ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനോട് ഒരു പരാതിയുണ്ട്. അതു വ്യക്തമാക്കാനാണ് അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക് മുന്‍വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാല്‍, കെപിസിസി നേതൃത്വം കാര്യങ്ങള്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചില്ല. കാര്യങ്ങള്‍ ഇതില്‍നിന്ന് പകല്‍പോലെ വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുന്‍വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന് അബ്ദുറഹിമാന്‍ പറയുന്നുണ്ട്. ആ വാഗ്ദാനവും ഉറപ്പും എന്താണെന്ന് ജനങ്ങളോടു പറയാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. ഏതായാലും അബ്ദുറഹിമാനോട് നന്ദിയുണ്ട്. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാന്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ സഹായിച്ചിട്ടുണ്ട്. ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളില്‍നിന്ന് കോണ്‍ഗ്രസ് അകലുക മാത്രമല്ല ഉണ്ടായത്. മതനിരപേക്ഷനയങ്ങള്‍ വലിച്ചെറിഞ്ഞ് അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയപ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് ആ പാര്‍ടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ നിലപാട് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്ക്ക് പോറലുണ്ടാക്കുമെന്നാണ് നെഹ്റു രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ അന്ന് പറയാന്‍ ശ്രമിച്ചത്.

ഈ നിലപാടില്‍നിന്നുള്ള പൂര്‍ണമായ പിന്മാറ്റമാണ് വര്‍ഗീയതയുമായി ബന്ധപ്പെട്ട് ഇന്നത്തെ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് അവസരവാദ നിലപാടുകള്‍ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയാന്‍ ബിജെപിയെ സഹായിച്ചത് ഈ മൃദുഹിന്ദുത്വമാണ്. കൂട്ടത്തോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും ബിജെപിയിലേക്ക് ഓടിക്കയറുന്നത്. മധ്യപ്രദേശ് ബിജെപിയുടെ കീഴിലായി. കര്‍ണാടകത്തിലും ഈ മൊത്തക്കച്ചവടം ഭംഗിയായി നടത്തി. അതിനുമുമ്പ് ഗോവയിലും ഇതുകണ്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പുതുച്ചേരിയില്‍ മന്ത്രിയും എംഎല്‍എയുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. കേരളത്തില്‍ ഇതു സംഭവിക്കില്ലെന്നു പറയാന്‍ കഴിയുമോ? മൃദുഹിന്ദുത്വവും ഹിന്ദുവര്‍ഗീയതയ്ക്ക് വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കില്‍ എവിടെയും ഇതു സംഭവിക്കാം.

ന്യൂനപക്ഷ വര്‍ഗീയത തലപൊക്കുന്നതും വളരുന്നതും ബിജെപിയുടെ ആവശ്യമാണെന്ന് കോണ്‍ഗ്രസ് ഇനി എന്നാണ് തിരിച്ചറിയുക. ന്യൂനപക്ഷ വര്‍ഗീയത ചൂണ്ടിക്കാണിച്ചാണ് ഹിന്ദുവര്‍ഗീയത ബിജെപി വളര്‍ത്തുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജപി എങ്ങനെയാണ് ഉപയോഗിച്ചതെന്ന് നമുക്കറിയാം. ഇതുപോലെ ഓരോ സംസ്ഥാനത്തും അവിടേക്കു പറ്റിയ തന്ത്രങ്ങള്‍ ബിജെപി ഉപയോഗിക്കുന്നു. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ് വളമാകുന്നത്. ജമാഅത്തെ ഇസ്ലാമിയോടുള്ള സിപിഐ എം നിലപാട് മുമ്പേ വ്യക്തമാക്കിയതാണ്. എങ്കിലും ആവര്‍ത്തിക്കാം. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദല്‍ എന്നോണം മുസ്ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് അത്. അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ല.

വര്‍ഗീയ ശക്തികള്‍ക്കുവേണ്ടി കോണ്‍ഗ്രസ് സ്വന്തം നയത്തില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന ഞങ്ങളുടെ വിമര്‍ശനം സത്യസന്ധമാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അതില്‍ പാര്‍ടി ഉറച്ചുനില്‍ക്കുകയാണ്. അടുത്തകാലത്തുണ്ടായ രണ്ട് രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തിയാല്‍ സിപിഐ എം വിമര്‍ശം നൂറുശതമാനം ശരിയാണെന്ന് വ്യക്തമാകും. വെല്‍ഫെയര്‍ പാര്‍ടിയുമായി ബന്ധം പാടില്ലെന്ന് എഐസിസി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രഖ്യാപിച്ചതല്ലേ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അതു ആവര്‍ത്തിച്ചു. പക്ഷേ, നടപ്പായത് വര്‍ഗീയതയ്ക്ക് കീഴ്പ്പെടലാണ്. സംസ്ഥാനത്താകെ വെല്‍ഫെയര്‍ പാര്‍ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. എതിര്‍ത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍പോലും പിന്നീട് വഴങ്ങി.

രണ്ടാമത്തെ കാര്യം, സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ്. സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമെന്നത് സിപിഐ എമ്മിന്റെ പ്രഖ്യാപിത നയമാണ്. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം. അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു. കേരളത്തില്‍ സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചു. നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ് ഇതു നടപ്പാക്കുന്നത്. കോണ്‍ഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രകടനപത്രികയില്‍ അങ്ങനെ വാഗ്ദാനം ചെയ്തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാല്‍, വര്‍ഗീയ സംഘടനകള്‍ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വിട്ടുവീഴ്ചയില്ലാത്ത തീവ്രഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ വെളിച്ചമുള്ളതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് കടന്നുകയറാന്‍ കഴിയാത്തതെന്ന് മതനിരപേക്ഷ സമൂഹത്തിനറിയാം. എല്ലാത്തരം വര്‍ഗീയതകള്‍ക്കും മതമൗലിക വാദത്തിനും എതിരായ പോരാട്ടവുമായി സിപിഐ എം മുന്നോട്ടുപോകും.

നാടിന്റെ ഭാവിയാണ് പ്രധാനം

തീവ്രഹിന്ദുത്വ വര്‍ഗീയതയ്ക്കും മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ് എന്നതാണ് സിപിഐ എം നിലപാട്. ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാനെന്നപേരില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികള്‍ക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉണ്ടാക്കിയ വര്‍ഗീയ രാഷ്ട്രീയ ബന്ധങ്ങള്‍ തുടരുമോ എന്ന ചോദ്യം സിപിഐ എം ഉന്നയിച്ചത്. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാതെ ചോദ്യംചോദിച്ചവരെ വര്‍ഗീയവാദികളായി കോണ്‍ഗ്രസ് മുദ്രകുത്തുന്നു.

ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത് മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവര്‍ഗീയത ശക്തിപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷവര്‍ഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഈ നിലപാട് കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങള്‍ മതനിരപേക്ഷ ചേരിയോട് അടുക്കാതിരിക്കാന്‍ ന്യൂനപക്ഷ വര്‍ഗീയ ചേരിയുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. ബിജെപിയെ സഹായിക്കുന്ന അത്യന്തം അപകടകരമായ നിലപാടാണ് ഇത്. സമൂഹത്തില്‍ കൂടുതല്‍ മതാത്മക രാഷ്ട്രീയ ചേരിതിരിവ് രൂപപ്പെടുത്തുന്നതിനെയാണ് സിപിഐ എം വിമര്‍ശിക്കുന്നത്. അത് ‘വര്‍ഗീയയവാദ’മാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മലയാളിയുടെ ബോധനിലവാരത്തെയാണ് പുച്ഛിക്കുന്നത്.

Next Story

Popular Stories