Top

‘ബിജെപി ജനാധിപത്യ ഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചു, ശബ്ദ​രേഖ വൻതോതിൽ കുഴൽപ്പണം ഉപയോ​ഗിച്ചതിന്റെ തെളിവ്’; എ വിജയരാഘവൻ

വിഷയം അതീവ ​ഗൗരവമുള്ളതാണെന്നും ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും വിജയരാഘവൻ ചൂണ്ടിക്കാണിച്ചു.

3 Jun 2021 12:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി ജനാധിപത്യ ഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചു, ശബ്ദ​രേഖ വൻതോതിൽ കുഴൽപ്പണം ഉപയോ​ഗിച്ചതിന്റെ തെളിവ്’; എ വിജയരാഘവൻ
X

തിരുവനന്തപുരം: എൻഡിഎയുടെ ഭാ​​ഗമായി നിൽക്കാൻ സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറുമെന്നത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ കെ. സുരേന്ദ്രന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി എ വിജയരാഘവൻ. വിഷയം അതീവ ​ഗൗരവമുള്ളതാണെന്നും ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും വിജയരാഘവൻ ചൂണ്ടിക്കാണിച്ചു.

”ഉത്തരേന്ത്യയ്ക്ക് സമാനമായ കരുനീക്കങ്ങളാണ് ബിജെപി കേരളത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ജനാതിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവൃത്തിയാണിത്. കേന്ദ്ര ഏജൻസികളെല്ലാം ഇക്കാര്യത്തിൽ നിശബ്ദമാണ്. അവരുടെ സമീപനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ചാണെന്നും ഇതിലൂടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. ”

എ വിജയരാഘവൻ

അതേസമയം കൊടകര കുഴല്‍പണ കേസില്‍ ബിജെപി മധ്യ മേഖല സംഘടനാ സെക്രട്ടറി എല്‍.പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം കൊണ്ടു വന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംഘടനാ സെക്രട്ടറിയായിരുന്നു എല്‍.പത്മകുമാര്‍. പ്രതികളില്‍ ചിലരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി നേതാക്കള്‍ക്ക് നല്‍കാനാണെന്ന് പൊലീസ് കണ്ടെത്തല്‍. നേരത്തെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആരോപണമുയര്‍ന്നതിനാല്‍ മാത്രമാണ് പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയതെന്ന് അനീഷ് കുമാര്‍ പറയുന്നു. ധര്‍മ്മരാജന്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ എത്തിയതിനാല്‍ മാത്രമാണ് അയാള്‍ക്ക് മുറി എടുത്ത് നല്‍കിയത്. ബിജെപി നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടതെങ്കില്‍ എന്തുകൊണ്ട് നേതാക്കളെ ആരെയും അറസ്റ്റ് ചെയ്തില്ല എന്നും അനീഷ് കുമാര്‍ ചോദിച്ചു. കേസില്‍ അറസ്റ്റിലായവരില്‍ ദീപക് ഒഴികെയുള്ള മറ്റെല്ലാ പ്രതികളും സിപിഐഎം പശ്ചാത്തലമുള്ളവരാണെന്നും അനീഷ് കുമാര്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

Next Story