
രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍സിപി മന്ത്രിപദം എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കിടും. രണ്ടരവര്‍ഷം വീതമാണ് മന്ത്രിസ്ഥാനം പങ്കിടുക. ആദ്യ ടേമില്‍ എ കെ ശശീന്ദ്രനും രണ്ടാം ടേമില്‍ തോമസ് കെ തോമസും മന്ത്രിയാകും.
എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. എ കെ ശശീന്ദ്രന് പക്ഷവും തോമസ് കെ തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്.
പാര്‍ട്ടി നല്കിയ തുടര്‍ച്ചയായ അംഗീകാരത്തിന് നന്ദി പ്രകടപ്പിച്ച് എ കെ ശശീന്ദ്രന് ഏത് വകുപ്പ് ലഭിച്ചാലും അത് ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രതികരിച്ചു.
ആദ്യ മൂന്നു വര്‍ഷം ശശീന്ദ്രനും തുടര്‍ന്നുള്ള രണ്ടു വര്‍ഷം തോമസ് കെ തോമസും മന്ത്രിസ്ഥാനം വഹിക്കുമെന്നുമായിരുന്നു മുന്‍പ് പുറത്തുവന്ന സൂചനകള്‍. എന്നാല്‍ തോമസ് കെ തോമസ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, പാര്‍ട്ടി തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നാണ് പറഞ്ഞതെന്നും എ കെ ശശീന്ദ്രന് റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ ഗതാഗത വകുപ്പ് ലഭിച്ച എന്‍സിപിക്ക് ഇത്തവണ ഏത് വകുപ്പെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മുന്നണിയിലെ ഒരു അംഗങ്ങളുള്ള നാല് കക്ഷികളും മുന്‍ നിശ്ചയിച്ച പ്രകാരം രണ്ട് പേര്‍ക്ക് ആദ്യ ടേം എന്ന നിലയില്‍ മന്ത്രിപദം പങ്കുവെയ്ക്കും. ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. കെബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക.
രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ചര്‍ച്ചകളുടെ അവസാനഘട്ടത്തിലും കേരള കോണ്‍ഗ്രസ് എം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മുന്നണി ഇതിന് തയ്യാറായിരുന്നില്ല.
Also Read: ശൈലജക്കെതിരെ പാര്‍ട്ടിയില്‍ കരുനീക്കങ്ങള്‍ നടത്തിയതാര്? കോടിയേരിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു