Top

‘ലീഗ് കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ എകെജി സെന്ററില്‍ പച്ചപ്പരവതാനി വിരിയും’; വി ഡി സതീശന്‍

‘അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയായി മാറിയത് സിപിഐഎമ്മല്ലേ’

3 Oct 2020 6:57 AM GMT

‘ലീഗ് കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ എകെജി സെന്ററില്‍ പച്ചപ്പരവതാനി വിരിയും’; വി ഡി സതീശന്‍
X

കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ മുസ്ലീം ലീഗിനെ സിപിഐഎം പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. കുറേക്കാലം ലീഗിന് പിന്നാലെ നടന്നിട്ട് കിട്ടാത്തതുകൊണ്ടാണ് ലീഗ് വിരുദ്ധ രാഷ്ട്രീയം പറയുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ വന്നാല്‍ അപ്പോള്‍ ലീഗിന് അപ്രമാദിത്യമുണ്ടാകുമെന്ന് പറയുന്നതിലൂടെ സിപിഐഎം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്ന തിരിച്ചറിവാണ് ഇടതുപക്ഷത്തിനുണ്ടായത്. പക്ഷേ വാസ്തവത്തില്‍ അതുമാത്രമല്ല പരാജയത്തിന് കാരണമായതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ അഭിമുഖത്തിനിടെയാണ് സതീശന്റെ പ്രതികരണം.

ലീഗ് ഞങ്ങളുമായൊന്ന് പിണങ്ങി നോക്കട്ടെ. അപ്പോള്‍ കാണാം ചുവപ്പുപരവതാനിക്ക് പകരം പച്ചപരവതാനി വിരിച്ച് എകെജി സെന്ററിലിടുന്നത്.

വി ഡി സതീശന്‍

കെഎം മാണിയെക്കുറിച്ചും കേരളാ കോണ്‍ഗ്രസിനെക്കുറിച്ചും എന്തെല്ലാമാണ് സിപിഐഎം പറഞ്ഞുനടന്നത്? എന്നിട്ട് കോണ്‍ഗ്രസുമായി ഒരു അഭിപ്രായവ്യത്യാസം അവര്‍ പറഞ്ഞപ്പോള്‍ സിപിഐഎം പറഞ്ഞതെല്ലാം വിഴുങ്ങി. ‘മാണിസാറിനെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍തന്നെ അത് തെറ്റായിരുന്നു എന്ന് ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു, ബാര്‍ കോഴ ആരോപണം തന്നെ തെറ്റായിരുന്നു’ എന്നെല്ലാം പറഞ്ഞു. അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയായി മാറിയത് സിപിഐഎമ്മല്ലേയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

വി ഡി സതീശന്‍ പറഞ്ഞത്

നിരവധി വര്‍ഷങ്ങള്‍ മന്ത്രിയായും എംപിയായും എംഎല്‍എയുമായി സേവനമനുഷ്ഠിച്ച് ഭരണകാര്യങ്ങളില്‍ പരിചയമുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ വന്നാല്‍ അപ്പോള്‍ ലീഗിന് അപ്രമാദിത്യമുണ്ടാകുമെന്ന് പറയുന്നതിലൂടെ സിപിഐഎം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്ന തിരിച്ചറിവാണ് ഇടതുപക്ഷത്തിനുണ്ടായത്. പക്ഷേ വാസ്തവത്തില്‍ അതുമാത്രമല്ല പരാജയത്തിന് കാരണമായത്. പിന്നീട് ശബരിമല വിഷയത്തിലെടുത്ത നിലപാട് അവര്‍തന്നെ തള്ളിപ്പറഞ്ഞു. എന്നിട്ടിപ്പോള്‍ വര്‍ഗീയത പറയാന്‍ ആരംഭിച്ചിരിക്കുന്നു. ഐക്യ ജനാധിപത്യമുന്നണി അധികാരത്തിലേറുമ്പോള്‍ ലീഗിന് തീര്‍ച്ചയായും പ്രാമുഖ്യമുണ്ട്. ഞങ്ങളുടെ ഏറ്റവും വിശ്വസ്തരായ ഘടകക്ഷിയാണ് ലീഗ്. ആ ലീഗും കോണ്‍ഗ്രസും തമ്മില്‍ ഒരു സമവാക്യമുണ്ട്. തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള പ്രവര്‍ത്തകര്‍ തമ്മില്‍ ആ സമവാക്യമുണ്ട്. ചില സമയത്ത് മലപ്പുറത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോളുള്ള അഭിപ്രായവ്യത്യാസമൊഴിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു ശക്തമായ ഒരു ബന്ധമുണ്ട്. ഇതൊരു മുന്നണിയാണ്. അത് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള ബന്ധമല്ല. ഇത് ഹൃദയബന്ധമാണ്. അതിന് ജാതീയമായ പരിവേഷം നല്‍കരുത്. ഇനി ലീഗ് ഞങ്ങളുമായൊന്ന് പിണങ്ങി നോക്കട്ടെ. അപ്പോള്‍ കാണാം ചുവപ്പുപരവതാനിക്ക് പകരം പച്ചപരവതാനി വിരിച്ച് എകെജി സെന്ററിലിടുന്നത്.

ലീഗ് വിരുദ്ധ രാഷ്ട്രീയം പറയുന്നവര്‍, കുറക്കാലം ലീഗിന് പിന്നാലെ നടന്നിട്ട് കിട്ടാത്തതുകൊണ്ടല്ലേ. ഈ കെഎം മാണിയെക്കുറിച്ചും ഈ കേരളാ കോണ്‍ഗ്രസിനെക്കുറിച്ചും എന്തെല്ലാമാണ് പറഞ്ഞുനടന്നത്? എന്നിട്ട് കോണ്‍ഗ്രസുമായി ഒരു അഭിപ്രായവ്യത്യാസം അവര്‍ പറഞ്ഞപ്പോല്‍ പറഞ്ഞതെല്ലാം വിഴുങ്ങി. മാണിസാറിനെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍തന്നെ അത് തെറ്റായിരുന്നു എന്ന് ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു, ബാര്‍ കോഴ ആരോപണം തന്നെ തെറ്റായിരുന്നു എന്ന് പറഞ്ഞ് അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയായി മാറിയത് സിപിഐഎമ്മല്ലേ?

Next Story