താരിഖ് അന്‍വറിന്റെ അഭിപ്രായം തേടല്‍ കണ്ണില്‍ പൊടിയിടാനെന്ന് മാത്രം ഗ്രൂപ്പുകള്‍ക്ക് അഭിപ്രായം; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മിണ്ടിയില്ല
ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലോ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെന്നതുപോലെ അവര്‍ പരിഹാസ്യരാകുകയേയുള്ളൂ എന്നാണ് എ,ഐ ഗ്രൂപ്പുകളുടെ വിലയിരുത്തല്‍.
6 Jun 2021 1:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈക്കമാന്‍ഡ് തീരുമാനം എടുത്ത് കഴിഞ്ഞ ശേഷം താരിഖ് അന്‍വര്‍ നേതാക്കളുടെ അഭിപ്രായം തേടുന്നത് തങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് എ,ഐ ഗ്രൂപ്പുകള്‍ക്ക് ആക്ഷേപം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നത്തല, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളോടെല്ലാം കെപിസിസി അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ അഭിപ്രായം ചോദിച്ചെങ്കിലും ആരും ഒന്നും മിണ്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിന് ഇഷ്ടമുള്ള തീരുമാനം എടുക്കാമെന്നായിരുന്നു നേതാക്കളുടെ മറുപടി.
ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലോ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെന്നതുപോലെ അവര്‍ പരിഹാസ്യരാകുകയേയുള്ളൂ എന്നാണ് എ,ഐ ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. രണ്ട് ദിവസത്തിനുള്ളില്‍ നേതാക്കളുമായുള്ള ആശയവിനിമയം പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിരിക്കുന്നത്. രിഖ് അന്‍വര്‍. എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ തുടങ്ങി പതിനഞ്ചോളം നേതാക്കളുമായി താരിഖ് അന്‍വര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുക്കാനായിരുന്നെങ്കില് അദ്ദേഹത്തിന് നേരിടെത്തി ചര്‍ച്ച നടത്താമായിരുന്നുവെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ പക്ഷം.
ഐ ഗ്രൂപ്പിലെ ചിലര്‍ കെപിസിസി അധ്യക്ഷന്റെ പേര് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഔദ്യോഗികമായി ഒരു തീരുമാനത്തില്‍ എത്തുന്നില്ല. സമാനസ്ഥിതിയാണ് എ ഗ്രൂപ്പിലും. കെപിസിസി അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായം. സുധാകരനെ കൂടാതെ അടൂര്‍ പ്രകാശ്, കെ ബാബു, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. കെ. സുധാകരന്റെ ശൈലി പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സൂചനയുണ്ട്. കെ. സുധാകരന് വേണ്ടി സൈബറിടത്തില്‍ വാദിക്കുന്ന അണികള്‍ ഭാവിയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചില നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയതെന്നും സൂചനയുണ്ട്. അണികളുടെ പിന്തുണയും കെ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സുധാകരനെതിരെ ഗ്രൂപ്പുകളില്‍ നടക്കുന്ന പടയൊരുക്കം നേതൃ സ്ഥാനമേല്പ്പിക്കുന്നതില് തടസമാകും.