Top

കെപിസിസി പുനസംഘടന: അതൃപ്തിയെങ്കിലും സഹകരിക്കാമെന്ന നിലപാടിലേക്ക് എ,ഐ ഗ്രൂപ്പുകള്‍

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ചിലര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും.

13 Jun 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി പുനസംഘടന: അതൃപ്തിയെങ്കിലും സഹകരിക്കാമെന്ന നിലപാടിലേക്ക് എ,ഐ ഗ്രൂപ്പുകള്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങുമ്പോള്‍ അതൃപ്തിയുണ്ടെങ്കിലും സഹകരിക്കാമെന്ന നിലപാടിലേക്ക് എ,ഐ ഗ്രൂപ്പുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മാനിക്കാതെ പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും തെരഞ്ഞെടുത്തതില്‍ അതൃപ്തി കനക്കുന്ന സാഹചര്യത്തില്‍ കെപിസിസിയ്ക്കുള്ളില്‍ ഉടന്‍ പൊട്ടിത്തെറി ഉണ്ടായേക്കുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കെപിസിസി അധ്യക്ഷന്റേയും മറ്റ് ഭാരവാഹികളുടേയും നടപടികളോട് സഹകരിച്ച് മുന്നോട്ട് പോകാനാണ് എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.

പുനസംഘടനയുടെ ഭാഗമായി കെപിസിസി വെസ് പ്രസിഡന്റ് പദവിയും ജംബോ കമ്മിറ്റിയും വേണ്ടെന്ന തീരുമാനത്തിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ചിലര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും. ആലപ്പുഴ, പാലക്കാട് ഡിസിസി പ്രസിഡന്റുമാര്‍ രാജിവെച്ചതിന്റേയും കൊല്ലം, ഇടുക്കി, വയനാട്, ജില്ലകളില്‍ പ്രസിഡന്റുമാര്‍ രാജിസന്നദ്ധത അറിയിച്ചതിന്റേയും പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ ഉടനടി പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താനാണ് നേതൃത്വം ഒരുങ്ങുന്നത്.

ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്ന് പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്‍പ് തന്നെ സൂചിപ്പിച്ചിരുന്നു. പുനസംഘടനയില്‍ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ തീരുമാനം.25 ജനറല്‍ സെക്രട്ടറിമാരേയും 20 സെക്രട്ടറിമാരേയും മാത്രമാണ് ഇത്തവണ നിയമിക്കാന്‍ സാധ്യത. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പദവിയിലിരുന്നപ്പോള്‍ 300 ഭാരവാഹികളാണ് കെപിസിസിയിലുണ്ടായിരുന്നത്. ഇതില്‍ 140 പേര്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുമെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Popular Stories

    Next Story