Top

‘നാലല്ല, എട്ടെണ്ണത്തിനെ കൊല്ലണമായിരുന്നു’; സിഐഎസ്എഫ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍; ഇനിയും വെടിവെപ്പുണ്ടായേക്കുമെന്ന് ഭീഷണി

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെല്ലാം ‘ചീത്തകുട്ടികള്‍’ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബംഗാളിലെ ബിജെപി പ്രസിഡന്റ് ദിലീപ് ഗോഷ് പരിഹസിച്ചിരുന്നു.

13 April 2021 1:14 AM GMT

‘നാലല്ല, എട്ടെണ്ണത്തിനെ കൊല്ലണമായിരുന്നു’; സിഐഎസ്എഫ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍; ഇനിയും വെടിവെപ്പുണ്ടായേക്കുമെന്ന് ഭീഷണി
X

പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന സിഐഎസ്എഫ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി ബംഗാളിലെ ബിജെപി നേതാക്കള്‍. നാല് പേരെ മാത്രമായിരുന്നില്ല, എട്ടുപേരെ കൊല്ലണമായിരുന്നുവെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെല്ലാം ‘ചീത്തകുട്ടികള്‍’ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബംഗാളിലെ ബിജെപി പ്രസിഡന്റ് ദിലീപ് ഗോഷ് പരിഹസിച്ചിരുന്നു.

‘ബിജെപിയെ പിന്തുണയ്ക്കുന്ന പാവപ്പെട്ട വോട്ടര്‍മാരെ തൃണമൂലിന്റെ ഗുണ്ടകള്‍ കൊന്നുതള്ളുകയാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഏറ്റുമുട്ടലില്‍ നാലല്ല, എട്ടുപേര്‍ കൊല്ലപ്പെടണമായിരുന്നു. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളെ ഇല്ലാതാക്കാനാണ് തൃണമൂല്‍ ഗുണ്ടകള്‍ ശ്രമിക്കുന്നത്. വെറും നാല് പേരെ മാത്രം കൊന്നതെന്താണ് എന്ന് സെന്റ്രല്‍ ഫോഴ്‌സ് വിശദീകരണം തേടണം. അക്രമത്തോട് പ്രതികരിക്കുക മാത്രമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇനിയും അക്രമം ഉണ്ടായാല്‍ ഇനിയും അവര്‍ ചുട്ട മറുപടി നല്‍കും’. രാഹുല്‍ സിന്‍ഹയുടെ വിവാദ പരാമര്‍ശം ഇങ്ങനെ.

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിനിടെ പകല്‍ 10.30 യ്ക്കുശേഷമായിരുന്നു ശീതള്‍കുച്ച് മണ്ഡലത്തിലെ 126-ാം നമ്പര്‍ ബൂത്തില്‍ സിഐഎസ്എഫ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ മരിക്കുകയും ഒരാള്‍ക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമ ബംഗാള്‍ കൂച്ച്‌ ബിഹാര്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തദ്ദേശവാസികളായ ചിലര്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫ് ഓപ്പണ്‍ ഫയര്‍ നടത്തിയത്. രാവിലെ 9 30 യ്ക്ക് ശേഷമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു വോട്ടര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അയാള്‍ക്ക് സേനയുടെ മര്‍ദ്ദനമേറ്റെതാണെന്ന് അഭ്യൂഹം പരക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സംഘം കൂട്ടം ചേര്‍ന്ന് സിഐഎസ്എഫിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ശീതള്‍ കുച്ചിലെ 126 ബൂത്തിലെ പോളിംഗ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Popular Stories

    Next Story