ഓക്സിജന്‍ ലഭിച്ചില്ല; ഡല്‍ഹി ആശുപത്രിയില്‍ ഒന്നര മണിക്കൂറിനിടെ മരിച്ചത് ഡോക്ടര്‍ അടക്കം എട്ടു രോഗികള്‍
തലസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മാരത്തോണ്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. മരിച്ചവരില്‍ ആറ് പേര് ഐസിയുവിലും മറ്റ് രണ്ട് പേര് വാര്‍ഡിലുമായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ഡോക്ടര്‍ അടക്കം എട്ട് പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ചു. ആശുപത്രിയിലെ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗ്യാസ്ട്രോ യൂണിറ്റ് മേധാവി ഡോ ആര് കെ ഹിമതാനിയടക്കമുള്ള രോഗികളാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണങ്ങള്.
തലസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മാരത്തോണ്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. മരിച്ചവരില്‍ ആറ് പേര് ഐസിയുവിലും മറ്റ് രണ്ട് പേര് വാര്‍ഡിലുമായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
11.45 ന് ആശുപത്രിയിലെ ഓക്സിജന്‍ തീരുകയായിരുന്നു എന്നും എന്നാല്‍ ഓക്സിജന്‍ ടാങ്കറുകള്‍ എത്താന്‍ 1.30 ആയെന്നും ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ അതീവ ഗുരുതരാവസ്ഥയിലുള്ള 230 തോളം രോഗികളാണ് ഒരു മണിക്കൂറും 20 മിനിറ്റോളവും ഓക്സിജന്‍ ലഭിക്കാതെ പ്രതിസന്ധിയിലായത്.
‘സംഭവത്തില്‍ ഒരു ജീവനും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നു’ എന്ന് കോടതി പ്രതികരിച്ചപ്പോഴായിരുന്നു സ്വന്തം ഡോക്ടര്‍ അടക്കം രോഗികളുടെ ജീവന് നഷ്ടമായെന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയത്. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത്.
തുടര്‍ന്ന് ഡല്‍ഹിയില്‍ ഉടന്‍ 490 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. എട്ട് മരണങ്ങള് ഉണ്ടായെന്നും ജനങ്ങള്‍ മരിക്കുമ്പോള്‍ കണ്ണടച്ചിരിക്കണോ എന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഓക്സിജന്‍ ഉടന്‍ എത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാരിന്റേതുള്‍പ്പടെയുള്ള ആശുപത്രികളിലെ ചികിത്സാ വിവരങ്ങള്‍ അടിയന്തരമായി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജന്‍ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.