Top

76 പള്ളികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ഫ്രാന്‍സില്‍ നടക്കുന്നതെന്ത്?

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ തുടരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഫ്രാന്‍സിലെ ചില മുസ്‌ലിം പള്ളികള്‍ നിരീക്ഷണ വലയത്തില്‍. വിഭാഗീതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയിക്കുന്ന 76 മുസ്‌ലിം പള്ളികള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വരും ദിവസങ്ങളില്‍ ഇവിടെ പരിശോധനകള്‍ നടത്തുകയും എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിയന്‍ ആര്‍.ടി.എല്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫ്രാന്‍സിന്റെ റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഈ 76 പള്ളികള്‍ […]

3 Dec 2020 9:42 PM GMT

76 പള്ളികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ഫ്രാന്‍സില്‍ നടക്കുന്നതെന്ത്?
X

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ തുടരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഫ്രാന്‍സിലെ ചില മുസ്‌ലിം പള്ളികള്‍ നിരീക്ഷണ വലയത്തില്‍. വിഭാഗീതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയിക്കുന്ന 76 മുസ്‌ലിം പള്ളികള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വരും ദിവസങ്ങളില്‍ ഇവിടെ പരിശോധനകള്‍ നടത്തുകയും എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിയന്‍ ആര്‍.ടി.എല്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫ്രാന്‍സിന്റെ റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഈ 76 പള്ളികള്‍ ഭീഷണിയാണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞു.

വര്‍ഗീയത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രേഖകളില്ലാത്ത 66 കുടിയേറ്റക്കാരെ മടക്കി അയച്ചതായും മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുള്ള 76 പള്ളികളില്‍ 16 എണ്ണം ഫ്രാന്‍സിലാണ്. ബാക്കിയുള്ള 60 പള്ളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. 2300 മുസ്‌ലിം പള്ളികളാണ് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

ഭീകരാക്രമണങ്ങളുടെ പേരില്‍ ഫ്രാന്‍സിലെ മുഴുവന്‍ മുസ്‌ലിങ്ങളെയും സംശയ നിഴലിലാക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഫ്രാന്‍സിലെ മുസ്‌ലിം വിഭാഗത്തിനിടയില്‍ നടത്താനിരിക്കുന്ന ചില പദ്ധതികളുടെ ഭാഗമായാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു.

മുസ്‌ലിം വിഭാഗീയത ഒഴിവാക്കാനുള്ള പദ്ധതിയാണിതെന്നാണ് മാക്രോണ്‍ അന്നു പറഞ്ഞത്. ചര്‍ച്ചുകളെ ഭരണസംവിധാനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന 1905 ല്‍ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുന്നെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഇതുപ്രകാരം ഫ്രാന്‍സിലെ മുസ്‌ലിം പള്ളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ക്ക് നിയന്ത്രണം വരും. രാജ്യത്തെ പള്ളികളിലെ ഇമാമുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്ത് നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. അടുത്തു തന്നെ ഈ നയങ്ങള്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

ചരിത്രാധ്യാപകന്റെ കൊലപാതകം

ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ പദ്ധതികള്‍ വേഗത്തിലാക്കുന്നത്. ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഇദ്ദേഹം ക്ലാസ് റൂമില്‍ കാണിച്ചത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്നു പുറത്തു പോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. അധ്യാപകനെ കൊലപ്പെടുത്തിയ അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. റഷ്യയില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. കൊലപാതക ആസൂത്രണത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സമാനമായി രണ്ട് ആക്രമണങ്ങളും പിന്നീട് രാജ്യത്ത് നടന്നു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ഒരു ആക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവായിരുന്ന പ്രതി. തൊട്ടു പിന്നാലെ ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ വെടിവെപ്പും നടന്നിരുന്നു.

ഫ്രാന്‍സിലെ മുസ്‌ലിങ്ങള്‍

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനതയുള്ള രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സില്‍ ജനസംഖ്യയില്‍ രണ്ടാമുള്ളതും മുസ്‌ലിം വിഭാഗമാണ്. 47 ലക്ഷത്തോളമാണ് ഫ്രാന്‍സിലെ മുസ്‌ലിം ജനസംഖ്യ. ഇപ്പോഴത്തെ നീക്കങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഇസ്‌ലാമോഫോബിയ പ്രകടമാക്കുന്നുണ്ടെന്ന് വിമര്‍ശനമുണ്ട്. ഇതിനകം നിരവധി മുസ്‌ലിം രാജ്യങ്ങള്‍ ഫ്രാന്‍സിനെതിരെ രംഗത്തു വന്നിരുന്നു. ഖത്തര്‍, സിറിയ, സൊമാലിയ, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടന്നിരുന്നു.

Next Story